കനത്ത ചൂടിനിടെ നടന്ന ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 1300-ലധികം വിശ്വാസികള്‍ മരിച്ചതായി സൗദി അറേബ്യ. മരിച്ചവരില്‍ ഭൂരിഭാഗത്തിനും ഔദ്യോഗിക ഹജ്ജ് അനുമതിയില്ലായിരുന്നെന്നും സൗദി അറിയിച്ചു.
‘ഖേദകരമെന്നു പറയട്ടെ, മരണസംഖ്യ 1,301 ആയി. ഇതില്‍ 83 ശതമാനം പേര് ഹജ്ജ് ചെയ്യാന്‍ അനുമതിയില്ലാത്തവരും, സൂര്യപ്രകാശത്തില്‍, മതിയായ പാര്‍പ്പിടമോ സൗകര്യങ്ങളോ ഇല്ലാതെ ദീര്‍ഘദൂരം നടന്നവരുമാണ്’. സൗദി ഔദ്യോഗിക പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 658 പേര് ഈജിപ്റ്റുകാരാണ്. ഇവരില്‍ 630 പേര് രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ഥാടകരാണ്.
അതേസമയം, ഈ വര്‍ഷത്തെ ഹജ്ജിന്റെ നടത്തിപ്പ് വിജയകരമാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജെല്‍ പറഞ്ഞു. ഈ വര്‍ഷം 1.8 ദശലക്ഷം തീര്‍ഥാടകര്‍ ഹജ്ജില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി 1.6 ദശലക്ഷം പേര് വിദേശത്ത് നിന്ന് തീര്‍ത്ഥാടനത്തിന് വന്നതായി സൗദി അധികൃതര്‍ പറഞ്ഞു.