Tuesday, November 26, 2024

സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി; മഴവില്‍ നിറങ്ങളിലുള്ള വസ്തുക്കള്‍ കണ്ടുകെട്ടുന്നു

സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യന്‍ ഭരണകൂടം രംഗത്ത്. സ്വവര്‍ഗാനുരാഗത്തിനെതിരായ നടപടികളുടെ ഭാഗമായി പ്രതീകാത്മകമായി മഴവില്‍ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും സൗദിയിലെ അധികൃതര്‍ കണ്ടുകെട്ടി. കൊമേഴ്‌സ് മന്ത്രാലയത്തിന്റെ അധികൃതര്‍ തലസ്ഥാനമായ റിയാദിലെ കടകളില്‍ നിന്നുമാണ് മഴവില്‍ നിറങ്ങളിലുള്ള സാധനങ്ങള്‍ കണ്ടുകെട്ടുന്നതെന്ന് സ്റ്റേറ്റ് മീഡിയയായ അല്‍ ഇഖ്ബാരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വവര്‍ഗാനുരാഗത്തെ പ്രൊമോട്ട് ചെയ്യുന്നുവെന്നാരോപിച്ചാണ് മഴവില്‍ നിറങ്ങളിലുള്ള വസ്തുക്കള്‍ കണ്ടുകെട്ടുന്നത്. കടകളില്‍ നിന്ന് മഴവില്‍ നിറങ്ങളിലുള്ള റിബ്ബണുകള്‍, ഉടുപ്പുകള്‍, തൊപ്പികള്‍, പെന്‍സില്‍ പെട്ടികള്‍ എന്നിവയാണ് കണ്ടുകെട്ടുന്നത്. ഇതില്‍ ഭൂരിഭാഗവും കുട്ടികള്‍ക്ക് വേണ്ടി വിപണിയിലെത്തിയ സാധനങ്ങളാണ്. ”കുട്ടികളെയും ചെറുപ്പക്കാരെയും ലക്ഷ്യം വെച്ചുകൊണ്ട് ഹോമോസെക്ഷ്വല്‍ നിറങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇസ്ലാമിക് വിശ്വാസത്തിനും പൊതു സദാചാരത്തിനും വിരുദ്ധമായി നില്‍ക്കുന്ന വസ്തുക്കളെയാണ് ഞങ്ങള്‍ പരിശോധിക്കുന്നത്,” സൗദിയുടെ കൊമേഴ്‌സ് വിഭാഗത്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

”സാമാന്യ ധാരണകള്‍ക്ക് എതിരായ പ്രതീകങ്ങളും ചിഹ്നങ്ങളുമടങ്ങിയ വസ്തുക്കളാണ് കണ്ടുകെട്ടുന്നത്. ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നിയമപരമായ നടപടികള്‍ നേരിടേണ്ടി വരും,” സൗദി കൊമേഴ്‌സ് മന്ത്രാലയം പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു. അതേസമയം എത്ര കടകളിലാണ് പരിശോധന നടത്തിയതെന്നും എത്ര സാധനങ്ങളാണ് ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

 

Latest News