Monday, November 25, 2024

ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

സൗദി അറേബ്യയില്‍ ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. തീവ്രവാദ ആശയം സ്വീകരിക്കുകയും തീവ്രവാദ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്ത ഏഴ് കുറ്റവാളികളുടെ വധശിക്ഷയാണ് സൗദിയില്‍ നടപ്പിലാക്കിയത്. ചൊവ്വാഴ്ച റിയാദ് പ്രവിശ്യയിലാണ് ഇവരെ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.

അഹമ്മദ് ബിന്‍ സഊദ് ബിന്‍ സഗീര്‍ അല്‍ശംമ്മരി, സഈദ് ബിന്‍ അലി ബിന്‍ സഈദ് അല്‍ വദായി, അബ്ദുല്‍ അസീസ് ബിന്‍ ഉബൈദ് ബിന്‍ അബ്ദല്ല അല്‍ശഹ്‌റാനി, അവദ് ബിന്‍ മുഷബാബ് ബിന്‍ സഈദ് അല്‍അസ്മരി, അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ മജൂല്‍ അല്‍ സഈദി, മുഹമ്മദ് ബിന്‍ ഹദ്ദാദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ്, അബ്ദുല്ല ബിന്‍ ഹാജിസ് ബിന്‍ ഗാസി അല്‍ശംമ്മരി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

പ്രതികള്‍ക്ക് മേല്‍ ആരോപിച്ച കുറ്റങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിച്ച് തെളിവുകള്‍ സഹിതം പ്രത്യേക ക്രിമിനല്‍ കോടതിക്ക് കൈമാറിയിരുന്നു. ചുമത്തിയ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി വധശിക്ഷ വിധിക്കുകയും പ്രത്യേക അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി ശരിവെക്കുകയുമായിരുന്നു.

മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കല്‍, രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും അപകടപ്പെടുത്തല്‍, രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്ന തീവ്രവാദ സമീപനം സ്വീകരിക്കല്‍, തീവ്രവാദ സംഘടനകളും സ്ഥാപനങ്ങളും രൂപവത്കരിക്കുകയും അവയ്ക്ക് ധനസഹായം നല്‍കുകയും ചെയ്യല്‍, സുരക്ഷ തകര്‍ക്കുക എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കല്‍, ക്രിമിനല്‍ പ്രവൃത്തികളിലൂടെ സമൂഹത്തിന്റെ സുസ്ഥിരതയും ദേശീയ ഐക്യവും അപകടത്തിലാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

 

Latest News