റഷ്യയും യുക്രൈനുമായുള്ള സംഘര്‍ഷത്തില്‍ ഇടപെടാന്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ക്ഷണിച്ച് അറേബ്യ. ചര്‍ച്ചയിലൂടെ സംഘര്‍ഷം ഒഴിവാക്കാനാണ് സൗദിയുടെ തീരുമാനം. ഇതിനായി അടുത്ത മാസം ആദ്യവാരത്തില്‍ ജിദ്ദയില്‍ യോഗം ചേരും.
പ്രശ്‌നങ്ങൾ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെടാൻ സൗദി തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ ജിദ്ദയില്‍ യോഗം ചേരുന്നത്. ഇന്ത്യയുള്‍പ്പടെ 30 രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരെയാണ് യോഗത്തിൽ പങ്കെടുക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും യോഗത്തിൽ പങ്കുചേരും.
അതേസമയം എത്ര രാജ്യങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. യുക്രൈന്‍വിഷയത്തിൽ കഴിഞ്ഞ മാസം കോപ്പൻഹേഗിൽ വച്ചും ചർച്ച നടന്നിരുന്നു. ഇതിൽ പങ്കെടുത്ത രാജ്യങ്ങൾ സൗദിയുടെ ക്ഷണം സ്വീകരിച്ച് യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ബ്രിട്ടൺ, സൗത്ത് ആഫ്രിക്ക, പോളണ്ട് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അമേരിക്കൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവാനും യോഗത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.