Monday, November 25, 2024

കാൽപന്തുകളിയുടെ വിശ്വപോരാട്ടങ്ങൾക്ക് 2034ൽ സൗദി അറേബ്യ ആതിഥ്യം വഹിക്കും

ലോകം ഉറ്റുനോക്കുന്ന കാൽപന്തുകളിയുടെ വിശ്വപോരാട്ടങ്ങൾക്ക് 2034ൽ സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. ടൂര്‍ണമെന്റിന് ആതിഥ്യമരുളാനുള്ള അവകാശവാദം ഓസ്‌ട്രേലിയ ഔദ്യോഗികമായി പിന്‍വലിച്ചതോടെയാണ് സൗദിക്ക് നറുക്കുവീണത്. ആതിഥ്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ ചൊവ്വാഴ്ചയാണ് തങ്ങൾ ബിഡിനായി മത്സരരംഗത്തി​ല്ലെന്ന് ആസ്ട്രേലിയ സ്ഥിരീകരിച്ചത്. ഇതോടെ 2034 ലോകകപ്പിനായി സൗദി മാത്രമാണ് മത്സരരംഗത്തുള്ളത്.

സൗദി സമര്‍പ്പിച്ച ബിഡ്ഡിന് പൂര്‍ണ പിന്തുണയുമായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ രംഗത്തു വന്നതോടെയാണ് പിന്മാറാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചത്. ഓസീസിന്റെ പിന്മാറ്റത്തോടെ സൗദിക്ക് നറുക്ക് വീഴാന്‍ സാധ്യത ഏറി. 2030 ഫുട്‌ബോള്‍ ലോകകപ്പിന്റെ സംയുക്ത ആതിഥേയരായി മൊറോക്കോ, സ്‌പെയിന്‍, പോര്‍ചുഗല്‍ എന്നീ രാജ്യങ്ങളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് 2034 ലോകകപ്പ് സംഘാടനത്തിന് ഏഷ്യ-ഓഷ്യാന മേഖലയില്‍ നിന്ന് ഫിഫ ബിഡ് ക്ഷണിച്ചത്.

അതേസമയം, 2026ലെ ഏഷ്യൻ വനിതാ കപ്പ്, 2029ലെ ക്ലബ് ലോകകപ്പ് എന്നിവക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം ലഭിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. ഫുട്ബാൾ ആസ്ട്രേലിയ (എഫ്.എ) മേധാവി ജെയിംസ് ജോൺസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

Latest News