Saturday, March 1, 2025

സൗദി അതിർത്തിസേന നൂറുകണക്കിന് എത്യോപ്യൻ കുടിയേറ്റക്കാരെ കൊലപ്പെടുത്തിയതായി ആരോപണം

എത്യോപ്യയിലെ ആഭ്യന്തരയുദ്ധത്തിന്റെ അനന്തരഫലമാണ് പട്ടിണിയും ക്ഷാമവും. അതിൽനിന്നും ഒരു മോചനത്തിനായി ആളുകൾ പലയിടങ്ങളിലേക്കും പലായനം ചെയ്യുന്നുണ്ട്. എങ്കിലും പലരും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നില്ല. എല്ലാ പലായനങ്ങളുടെയും പിന്നിലുള്ളത് ഇതൊക്കെത്തന്നെയാണ്.

2019 നും 2024 നുമിടയിൽ അയൽരാജ്യമായ യെമനിൽനിന്ന് കടക്കാൻ ശ്രമിച്ച എത്യോപ്യൻ കുടിയേറ്റക്കാർക്ക് നേരിടേണ്ടിവന്നത് ദാരുണമായ അന്ത്യമാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സൗദി അതിർത്തിസേനയുടെ ഇത്തരം ക്രൂരമായ പ്രവർത്തികൾ ലോകമറിയുന്നത് വർഷങ്ങൾക്കുശേഷമാണ്. അതിർത്തിപ്രദേശത്ത് മെഷീൻ ഗൺ വെടിവയ്പ്പിന് വിധേയരായതായും മൃതദേഹങ്ങൾ ചീഞ്ഞഴുകുന്നത് കണ്ടതായും ദൃക്‌സാക്ഷികൾ പറയുന്നു.

“എന്റെ കണ്മുന്നിൽ മൂന്നുപേർ മരിക്കുന്നതിന് ഞാൻ സാക്ഷിയായി” – 2022 ൽ ഡസൻകണക്കിന് ആളുകളോടൊപ്പം രാത്രിയിൽ, സൗദിയിലെ നജ്‌റാൻ പ്രവിശ്യയിലേക്കു കടക്കാൻ ശ്രമിച്ച ഒരു എത്യോപ്യൻ വംശജൻ പറഞ്ഞു. “സൗദി അതിർത്തിസേനയുടെ വെടിവയ്പ്പിൽ എന്റെ ഒരു കാൽ നഷ്ടപ്പെട്ടു. പരിക്കേറ്റവരുടെയും മരിച്ചവരുടെയും ശരീരഭാഗങ്ങൾ എന്റെ ചുറ്റും ഉണ്ടായിരുന്നു” – അയാൾ പറഞ്ഞു.

“മറ്റൊരു കുടിയേറ്റക്കാരന്റെ കാലിലും പുറകിലും മുറിവേറ്റു” – സൗദി അതിർത്തി കാവൽക്കാരുടെ യൂണിഫോമിലുള്ള പുരുഷന്മാർ മൂന്ന് എത്യോപ്യൻ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന് സാക്ഷിയായ, പേര് വെളിപ്പെടുത്താത്ത മറ്റൊരാൾ പറഞ്ഞു. നിരവധി പേരാണ്, തങ്ങൾ നേരിട്ടതും കണ്ടതും അനുഭവിച്ചതുമായ മർദനവും ലൈംഗികാതിക്രമങ്ങളും വിവരിച്ചത്.

2023 ജനുവരിയിൽ അതിർത്തി കടക്കാൻ ശ്രമിച്ച മറ്റൊരാൾ പറഞ്ഞത് ഇപ്രകാരമായിരുന്നു: “യാത്ര ഭയാനകമായിരുന്നു. വഴിയിൽ മൃഗങ്ങൾ ഭക്ഷിച്ച  നിരവധിയായ അഴുകിയ ശരീരങ്ങൾ ഞങ്ങൾ കണ്ടു. ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ ഞങ്ങൾ നടക്കുമ്പോൾ അതിർത്തി കാവൽക്കാർ ഞങ്ങൾക്കുനേരെ വെടിയുതിർത്തുകൊണ്ടിരുന്നു.”

വെടിയേറ്റ് രണ്ടു യുവതികൾ മരിക്കുന്നത് അദ്ദേഹം നേരിൽ കണ്ടു. “ഒരാളുടെ നെഞ്ചിലും മറ്റേയാളുടെ കഴുത്തിന്റെ പിൻഭാഗത്തുമാണ് പരിക്കേറ്റത്. രണ്ടു പെൺകുട്ടികളും തൽക്ഷണം മരിച്ചു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നിരവധി കുടിയേറ്റക്കാർ പാറക്കെട്ടിൽനിന്നു വീണു. മറ്റുള്ളവരെ പിടികൂടുകയോ, വെടിവച്ച്  പരിക്കേൽപിക്കുകയോ ചെയ്തു. അവർക്ക് എന്ത് സംഭവിച്ചുവെന്ന് ഞങ്ങൾക്കറിയില്ല. രണ്ട് പെൺകുട്ടികളെയും എപ്പോഴെങ്കിലും അടക്കം ചെയ്തിട്ടുണ്ടോ എന്നും ഞങ്ങൾക്ക് അറിയില്ല.”

2022 മാർച്ച് മുതൽ 2023 ജൂൺ വരെ യെമനുമായുള്ള തെക്കൻ അതിർത്തിയിൽ സൗദി അതിർത്തി കാവൽക്കാർ നൂറുകണക്കിന് എത്യോപ്യൻ കുടിയേറ്റക്കാരെയും അഭയാർഥികളെയും തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് വ്യാപകവും വ്യവസ്ഥാപിതവുമായ രീതിയിൽ കൊലപ്പെടുത്തിയതായി കണ്ടെത്തിയ, 2023 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ഹ്യൂമൻ റൈറ്റ്സ് വാച്ച് (HRW) റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ ഈ സാക്ഷ്യങ്ങൾ പ്രതിഫലിപ്പിക്കുന്നു. ഈ പ്രവർത്തനങ്ങൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കു തുല്യമാകുമെന്ന് ഗ്രൂപ്പ് നിഗമനം ചെയ്തു.

സ്‌ഫോടകവസ്തുക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപെട്ട രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച എത്യോപ്യൻ പുരുഷനെ സൗദി അതിർത്തി കാവൽക്കാർ വെടിവച്ച സംഭവം HRW രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് അവർ കൗമാരക്കാരനായ ഒരു ആൺകുട്ടിയെ, പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ നിർബന്ധിച്ചുവെന്ന് HRW റിപ്പോർട്ട് ചെയ്തു. മറ്റൊന്നിൽ, സൗദി അതിർത്തി കാവൽക്കാർ എത്യോപ്യൻ കുടിയേറ്റക്കാരോട് അവരുടെ ശരീരത്തിന്റെ ഏതു ഭാഗത്ത് വെടിവയ്ക്കണമെന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അവരെ അടുത്തുനിന്ന് വെടിവച്ചു.

“അതിർത്തിയിൽ ശിക്ഷാനടപടികളില്ലാത്തതും ഉത്തരവാദിത്തമില്ലായ്മ നിറഞ്ഞതുമായ ഒരു സംസ്കാരം നിലനിൽക്കുന്നു” – HRW റിപ്പോർട്ട് തയ്യാറാക്കിയ നാദിയ ഹാർഡ്മാൻ പറഞ്ഞു. “കൊലപാതകങ്ങളുടെ യഥാർഥ വ്യാപ്തി അറിയാൻ കഴിയില്ല. ഈ പ്രദേശങ്ങളിലേക്ക് ആർക്കും സ്വതന്ത്രമായി പ്രവേശനമില്ല. അവ അടിസ്ഥാനപരമായി പരിധിക്കു പുറത്താണ്.”

ആരോപണങ്ങളെക്കുറിച്ച് അഭിപ്രായം അറിയാൻ സൗദി അറേബ്യൻ സർക്കാരിന്റെ വക്താവിനെയും എത്യോപ്യയിലെ സൗദി എംബസിയെയും ബന്ധപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യ ഏകദേശം ഏഴര ലക്ഷം എത്യോപ്യൻ കുടിയേറ്റക്കാർക്ക് അഭയം നൽകുന്നു. പകുതിയിലധികം പേരും നിയമവിരുദ്ധമായി എത്തിയവരാണെന്ന് കരുതപ്പെടുന്നു. ഈ ക്രമരഹിത കുടിയേറ്റക്കാർ സൗദി അതിർത്തിയിൽ എത്തുന്നതിനുമുമ്പ് അപകടകരമായ മരുഭൂമിയാത്രകളും കടൽകടന്നുള്ള യാത്രകളും മനുഷ്യക്കടത്തുകാരുടെയും സായുധസംഘങ്ങളുടെയും യെമൻ വിമതഗ്രൂപ്പുകളുടെയും വ്യാപകമായ പീഡനങ്ങളും സഹിക്കുന്നു. അവിടെയെത്തുന്നവർക്ക് നിർമ്മാണമേഖലയിലും കൃഷിയിടങ്ങളിലും വീട്ടുജോലിക്കാരായും കുറഞ്ഞ വേതനം ലഭിക്കുന്ന ജോലി ലഭിക്കുന്നു.

സമീപ വർഷങ്ങളിൽ, പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്ത് എത്യോപ്യയിലേക്കു തിരിച്ചയയ്ക്കാൻ സൗദി അധികൃതർ സുരക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2034 ൽ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനും പുതിയ 11 സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിനും മുന്നോടിയായി, കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് സൗദി അറേബ്യ കൂടുതൽ പരിശോധനയ്ക്കു വിധേയമാകുന്നു.

യെമൻ വഴി ജോലിതേടി നിയമവിരുദ്ധമായി യാത്ര ചെയ്യുന്ന എത്യോപ്യക്കാർ ആഭ്യന്തര സംഘർഷം, ദാരിദ്ര്യം, കാലാവസ്ഥാ പ്രതിസന്ധി എന്നിവ ബാധിച്ച പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 2022 നും 2023 നുമിടയിൽ, അപകടകരമായ ഈ യാത്ര നടത്തുന്ന എത്യോപ്യക്കാരുടെ എണ്ണം 32% വർധിച്ച് 96,670 ആയതായി ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. സൊമാലിയൻ ജനതയുടെ ഒരു ചെറിയ സംഖ്യയും ഈ വഴിയാണ് സഞ്ചരിക്കുന്നത്.

ക്രമരഹിതമായ ക്രോസിംഗുകൾ തടയാൻ സൗദി അറേബ്യ മാരകമായ ബലപ്രയോഗം നിർത്തിയതായി ഒരു സൂചനയുമില്ല. 2024 ഡിസംബറിൽ അൽ റഖ്‌വ് എന്ന യെമൻ സെറ്റിൽമെന്റിൽനിന്ന് രാജ്യത്തേക്ക് എത്താൻ ശ്രമിച്ച ഒരു എത്യോപ്യൻ കുടിയേറ്റക്കാരൻ, സൗദി അതിർത്തിസേന തന്നെയും മറ്റ് പത്ത് എത്യോപ്യക്കാരെയും മെഷീൻ ഗണ്ണുകളും പീരങ്കികളും ഉപയോഗിച്ച് യെമനിലേക്ക് തിരികെ തള്ളിവിടാൻ ശ്രമിച്ചതായും അവരിൽ ഒരാൾക്ക് പരിക്കേറ്റതായും വിവരിച്ചു.

“വഴിയിൽ ഞാൻ നിരവധി മൃതദേഹങ്ങൾ കണ്ടു” – അദ്ദേഹം പറഞ്ഞു. “ഓരോ യാത്രയിലും മൃതദേഹങ്ങൾ ഉണ്ടാകും. ഒരിടത്ത് അഞ്ച്, മറ്റൊരിടത്ത് രണ്ടോ, മൂന്നോ. ഇത് സാധാരണമായിരുന്നു. അടുത്തിടെ കൊല്ലപ്പെട്ട മൃതദേഹങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കുറച്ചുകാലമായി അവിടെ കിടന്നിരുന്ന, ചീഞ്ഞഴുകിയ മൃതദേഹങ്ങളും ഉണ്ടായിരുന്നു. ചിലത് അസ്ഥികൂടങ്ങളായിരുന്നു” – ടിഗ്രായിൽ വിമതപോരാളിയായതിനു ശേഷം നാടുവിട്ട ഒരാൾ പറഞ്ഞത് ഇപ്രകാരമാണ്.

അതിർത്തിയിൽ ക്യാമറകൾ കണ്ടതായും കുടിയേറ്റക്കാരുടെ നീക്കങ്ങൾ കണ്ടെത്താൻ സൗദി ഗാർഡുകൾ ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് എത്യോപ്യയിലേക്ക് നിർബന്ധിച്ച് നാടുകടത്തി. അവിടെ അദ്ദേഹം തന്റെ ജന്മനാടായ വുക്രോയിലെ ഒരു കോഫി ഷോപ്പിൽ ഗാർഡിയനോടു സംസാരിച്ചു. ടിഗ്രായ് യുദ്ധത്തിന്റെ വെടിയുണ്ടകളുടെ പാടുകൾ കെട്ടിടങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഗൾഫിലേക്കുള്ള കുടിയേറ്റത്തിന്റെ ഒരു നീണ്ട ചരിത്രവും വുക്രോയ്ക്കുണ്ട്.

സൗദിയിൽ എത്തപ്പെട്ടവരുടെയും സ്ഥിതി മെച്ചമല്ല. അവിടെയും അവർ കൊടുംക്രൂരതകളും പീഡനങ്ങളും നേരിടാൻ വിധിക്കപ്പെട്ടവരാണ്. കാരണം അനധികൃതമായി അവിടെ ജീവിക്കുന്നവർ നിരവധിയാണ്. എത്യോപിയയിൽനിന്നും സൗദിയിലെത്തിയ ഒരാൾ വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “ഞാൻ ശരിക്കും ജീവിക്കുന്നുണ്ടോ എന്ന് എനിക്ക് പറയാൻ കഴിയില്ല. കാരണം ഏതു നിമിഷവും സൗദി അധികാരികൾ വന്ന് എന്നെ അറസ്റ്റ് ചെയ്യുകയോ, കൊല്ലുകയോ ചെയ്യാം. എനിക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല. അവർ പ്രത്യക്ഷപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു. എനിക്ക് ശരിക്കും പറയാൻ കഴിയും, സൗദിയിലെ ജീവിതം ഭൂമിയിലെ നരകമാണ്.”

യുദ്ധത്തിൽ ജയവും തോൽവിയുമില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ അനുഭവങ്ങൾ. മ്യാന്മറിലും സുഡാനിലും എത്യോപ്യയിലും ഇസ്രയേലിലും അഫ്‌ഗാനിസ്ഥാനിലും സിറിയയിലും എന്നുവേണ്ട, യുദ്ധം നടക്കുന്ന എല്ലായിടത്തെയും ജനങ്ങൾക്കുമാത്രമേ മാറ്റമുള്ളൂ. എന്നാൽ എല്ലാവരുടെയും അവസ്ഥ ഒന്നുതന്നെയാണ്. എല്ലാത്തിന്റെയും അനന്തരഫലവും ഒന്നുതന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News