Saturday, November 23, 2024

വെടിനിര്‍ത്തലിന് മധ്യസ്ഥശ്രമം; ചര്‍ച്ച നടത്തി സൗദി- ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍

ഗാസയില്‍ കഴിഞ്ഞ പത്ത് മാസങ്ങളായി തുടരുന്ന ഇസ്രായേല്‍ അക്രമണം അവസാനിപ്പിക്കാന്‍ മധ്യസ്ഥശ്രമങ്ങള്‍ തുടരുന്നതിനിടെ സൗദി, ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി. ഗാസയിലെ മാനുഷിക, രാഷ്ട്രീയ പ്രതിസന്ധിയും പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും ഇതുവരെ നടത്തിയ ശ്രമങ്ങളും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.

അനുദിനം ശക്തിപ്പെടുന്ന ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളില്‍ അവ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കുന്ന സംയുക്ത മാര്‍ഗങ്ങളും സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുല്‍ ആതിയയും ചര്‍ച്ചചെയ്തു.

പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സ്വീകരിച്ച നടപടികളും പ്രശ്‌നപരിഹാരത്തിനായി സൗദിയും ഈജിപ്തും നടത്തിയ ശ്രമങ്ങളും ഇരു മന്ത്രിമാരും അവലോകനം ചെയ്തു.

ഗാസയിലെ ഇസ്രായേല്‍ നരനായാട്ട് ഉടന്‍ അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയോടെ ഖത്തറില്‍ കഴിഞ്ഞയാഴ്ച മധ്യസ്ഥ ചര്‍ച്ച നടന്നിരുന്നു. ഗൗരവപരവും ക്രിയാത്മകവുമായിരുന്നു രണ്ടു ദിവസത്തെ ചര്‍ച്ചയെന്ന് ഖത്തര്‍, അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയുടെ രണ്ടാം ഘട്ടം അടുത്തയാഴ്ച ഈജിപ്ത് തലസ്ഥാന നഗരമായ കൈറോയില്‍ നടക്കാനിരിക്കെയാണ് സൗദി, ഈജിപ്ഷ്യന്‍ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.

 

Latest News