Sunday, November 24, 2024

സൗദി – ഇറാന്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കും: തീരുമാനം ബെയ്ജിംഗ് കൂടിക്കാഴ്ചയില്‍

ബെയ്ജിംഗ്: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ മിഡിൽ ഈസ്റ്റിലെ ബദ്ധവൈരികളായ ഇറാനും സൗദി അറേബ്യയും തമ്മിൽ ധാരണയായി. രണ്ടു മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്നും എംബസികൾ തുറക്കുമെന്നുമാണ് വിവരം. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ നടന്ന മദ്ധ്യസ്ഥ ചർച്ചകൾക്കു പിന്നാലെയാണ് തീരുമാനം.

2016-ല്‍ ഇറാനിലെ നയതന്ത്ര കാര്യാലയം ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സൗദി – ഇറാന്‍ ബന്ധം വിച്ഛേദിച്ചത്. ബന്ധം പുനഃസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങള്‍ തമ്മിലും ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ചൈനയുടെ മദ്ധ്യസ്ഥതയില്‍ കൂടിക്കാഴ്ച നടന്നത്. പിന്നാലെ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തുന്ന ദൃശ്യങ്ങള്‍ ഇറാൻ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടു. സൗദി അറേബ്യയുടെ സർക്കാർ ഏജൻസിയായ സൗദി പ്രസ് ഏജൻസിയും (എസ്പിഎ) റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

ചര്‍ച്ചയുടെ ഫലമായി ഇറാനും സൗദിയും രണ്ടു മാസത്തിനുള്ളില്‍ എംബസികൾ തുറക്കുമെന്നും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്നും ഇറാനിയന്‍ വാര്‍ത്താ എജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. പരസ്‌പരം പരമാധികാരം മാനിക്കാമെന്നും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്നും ഇരു രാജ്യങ്ങളും സമ്മതിച്ചതായി സംയുക്ത പ്രസ്താവനയിൽ ഏജൻസി പ്രസിദ്ധീകരിച്ചു. 2001-ൽ ഒപ്പുവച്ച സുരക്ഷാസഹകരണ കരാർ നടപ്പാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.

Latest News