Tuesday, November 26, 2024

അഫ്‌ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരെ വീണ്ടും ഭീകരാക്രമണം

പതിനഞ്ചോളം ജീവനുകളെടുത്ത് അഫ്‌ഗാനിസ്ഥാനിൽ വീണ്ടും സ്‌കൂളിനെതിരെ ഭീകരാക്രമണം. നവംബർ 30 ബുധനാഴ്ചയാണ് വടക്കൻ അഫ്‌ഗാനിസ്ഥാനിലെ സമാങ്കാനിൽ ഒരു മദ്രസ സ്‌കൂൾ പരിസരത്തുണ്ടായ സ്‌ഫോടനത്തിൽ പതിനഞ്ചിലധികം ആളുകൾ കൊല്ലപ്പെടുകയും ഇരുപത്തിയഞ്ചോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തത്‌.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച സേവ് ദി ചിൽഡ്രൻ സംഘടനയുടെ അഫ്‌ഗാനിസ്ഥാനിലെ കമ്മ്യൂണിക്കഷൻ കാമ്പെയ്ൻ വിഭാഗം ഡയറക്ടർ കെയൻ സലാർക്കിയ, കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശം ഒരു കാരണവശാലും ഇല്ലാതാക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ടു. സ്‌കൂളുകൾ കുട്ടികൾക്ക് സുരക്ഷിതമായ ഒരു ഇടമായിരിക്കണമെന്നും ഒരിക്കലും അതിനെ ഒരു യുദ്ധക്കളമാക്കി മാറ്റരുതെന്നും സേവ് ദി ചിൽഡ്രൻ പ്രതിനിധി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി അഫ്‌ഗാനിസ്ഥാനിലെ കുട്ടികൾ കടുത്ത ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്നും, ഇത് അങ്ങനെയുള്ള ആക്രമണങ്ങളിൽ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ആക്രമണത്തിന്റെ പിന്നിലുള്ളത് ആരെന്ന് ഇനിയും വ്യക്തമല്ലെങ്കിലും ഇനിയെങ്കിലും സായുധരായ ഈ അക്രമികൾ, വിദ്യാഭ്യാസ രംഗത്തിനെതിരെയുള്ള ആക്രമണങ്ങൾ നിർത്തണമെന്നും കുട്ടികൾ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടണമെന്നും കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന ആവശ്യപ്പെട്ടു.

ഒൻപതിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളും സാധാരണ ആളുകളുമാണ് കൊല്ലപ്പെട്ടതെന്ന് മറ്റു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Latest News