Sunday, November 24, 2024

സോഫ്റ്റ് ഡ്രിങ്‌സുകള്‍ക്കു വിട: പകരം തിരഞ്ഞെടുക്കാം ഉന്മേഷദായകമായ ചില പാനീയങ്ങള്‍

ദാഹമകറ്റാന്‍ സോഫ്റ്റ് ഡ്രിങ്‌സുകള്‍ക്കു പിറകെ പോകുന്ന പ്രവണത അടുത്തിടെ വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ വ്യത്യസ്ത നിറങ്ങളിലും രുചികളിലുമൊക്കെയുള്ള ഡ്രിങ്‌സുകള്‍ ദിനംപ്രതി വിപണിയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നു. പെപ്സി, കോള, സ്പ്രൈറ്റ് തുടങ്ങിയവയാണ് അതില്‍ പ്രമുഖര്‍. വിദഗ്ദപഠനങ്ങള്‍ പറയുന്നത്, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇത്തരം ഡ്രിങ്‌സുകളുടെ ആരാധകരോ, അവയ്ക്ക് അടിമപ്പെട്ടവരോ ആണെന്നാണ്. എന്നാല്‍ ഇവ നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായി ദോഷം ചെയ്യുമെന്ന കാര്യം മറന്നുകൂടാ. അതിനാല്‍ രോഗം ക്ഷണിച്ചുവരുത്തുന്ന ഇത്തരം ശീതളപാനിയങ്ങള്‍ക്കു പകരം ആരോഗ്യപരവും ഉന്മേഷദായകവുമായ ചില ഡ്രിങ്‌സുകളെയും അവയുടെ ഗുണങ്ങളെയും നമുക്ക് പരിചയപ്പെടാം.

നാരങ്ങാവെള്ളം

നമുക്ക് ഏറെ സുപരിചിതമായ ഒന്നാണ് നാരങ്ങാവെള്ളം. യുവത്വം നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ദഹനം സുഗമമാക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവും നാരങ്ങാവെള്ളത്തിനുണ്ട്.

ഇളനീര്

കേരളത്തിന്റെ ഔദ്യോഗിക പാനീയമാണ് ഇളനീർ അഥവാ കരിക്ക്. നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയെയാണ് കരിക്ക് എന്നുപറയുന്നത്. ഈ അവസ്ഥയിൽ ഇതിന്‍റെ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളംകാമ്പും കൊണ്ട് സമൃദ്ധമാണ്. ധാതുക്കളാല്‍ സമ്പന്നമായതിനാല്‍ ഇളനീര് ആരോഗ്യപ്രദമാണെന്നു മാത്രമല്ല ഉന്മേഷദായകവുമാണ്. അണുബാധ തടയാനും രക്തത്തിന്റെ ഒഴുക്കിനെ മെച്ചപ്പെടുത്താനുമൊക്കെ ഇളനീര് സഹായക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളില്‍ ഉണ്ടാകുന്ന അമിത ടെന്‍ഷനും സ്ട്രോക്കിനും ഇളനീര്‍ കുടിക്കുന്നത് ഗുണം ചെയ്യും.

കോള്‍ഡ് കോഫി

പഞ്ചാസാര ഇടാതെയുള്ള കോള്‍ഡ് കോഫി നല്ല ഒരു ഡ്രിങ്‌സാണെന്നാണ് കരുതപ്പെടുന്നത്. ഇത് നമ്മുടം ശരീരത്തിന്‍റെ ഊര്‍ജ്ജം വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാണ്.

കൊംബുച്ച ടീ

ഏറെ പ്രശസ്തമായ പാനിയങ്ങളിലൊന്നാണ് കൊംബുച്ച ടീ. ദാഹശമിനി എന്നതിനു പുറമെ ആരോഗ്യപ്രദവുമാണ് ഇത്. ഏകദേശം രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ട് കൊംബുച്ച ടീയുടെ പിറവിക്ക്. യഥാര്‍ഥത്തില്‍ ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന പുളിപ്പിച്ച കട്ടന്‍ചായയാണ്. ദഹനം മെച്ചപ്പെടുത്തുന്ന ഗട്ട്-ഫ്രണ്ട്ലി പ്രോബയോട്ടിക് ബാക്ടീരിയകളും കൊംബുച്ച ടീയിലുണ്ട്. ഔഷധഗുണം ഏറെയുള്ളതിനാലും ആരോഗ്യത്തെ പരിരക്ഷിക്കുന്നതിനാലും കൊംബുച്ച ടീ അനശ്വരതയുടെ ചായ എന്നും അറിയപ്പെടുന്നു.

ഐസ് ടീ

വേനൽക്കാലത്ത് ആസ്വദിക്കാൻ പറ്റിയ പാനീയമാണ് പഞ്ചസാരയിടാത്ത ഐസ് ടീ. വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളും ഈ പാനീയത്തില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഐസ് ടീ നമ്മുടെ ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. കൂടാതെ ഐസ് ടീ കുടിക്കുന്നത് പല്ലിനും നല്ലതാണ്.

ഫ്രഷ് ഫ്രൂട്ട് ജ്യൂസ്

പഞ്ചസാരയിടാതെ ഫ്രഷ് ഫ്രൂട്ട് ജ്യൂസുകള്‍ കുടിക്കുന്നത് നല്ലതാണ്. നിരവധി പോഷകഘടകങ്ങളാല്‍ സമ്പന്നമാണ് ഇത്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സൗകര്യപ്രദവും ആരോഗ്യകരവുമായ മാർഗം കൂടിയാണ് ഇത്.

Latest News