സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസം പരിഷ്‌കരിക്കാന്‍ തീരുമാനം. പരിഷ്‌കരണത്തിന്റെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തും. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ പോക്സോ നിയമങ്ങള്‍ അടക്കമുള്ളവയും പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.
വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷം പരിഷ്‌കരിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. 5,7,9, ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് അടുത്തവര്‍ഷം മുതല്‍ ലൈംഗിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തുന്നത്. സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ ആകും പോക്സോ നിയമങ്ങള്‍ അടക്കമുള്ള ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുക.
പോക്സോ നിയമത്തിന്റെ പല വശങ്ങള്‍, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ തമ്മിലെ വ്യത്യാസം തുടങ്ങി വിശദമായി തന്നെ പാഠങ്ങള്‍ ക്രമീകരിക്കും. പ്രായപരിധി നിശ്ചയിച്ച് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഞ്ചാം ക്ലാസ് മുതല്‍ പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. നാലാം തരം വരെയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. പ്രത്യേക ക്ലാസുകളും കൈപ്പുസ്തകങ്ങളും മുഖേനയാകും മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക.
വരുംവര്‍ഷങ്ങളില്‍ എട്ടു മുതല്‍ 10 വരെ ക്ലാസുകളിലെ ജീവശാസ്ത്രപുസ്തകങ്ങളില്‍ കൂടി ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികളെ പോക്സോ നിയമം പഠിപ്പിക്കണമെന്ന് ഒരു വര്‍ഷം മുന്‍പ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് കോടതിയെ അറിയിക്കുകയും ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.