വിനാശകരമായ ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, താല്‍ക്കാലിക-കരാര്‍ അധ്യാപകരെ സ്ഥിരപ്പെടുത്തുക, പന്ത്രണ്ടാം ക്ലാസുവരെ വിദ്യാഭ്യാസം അവകാശമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സ്‌കൂള്‍ ടീച്ചേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. എ എ റഹിം എംപി ഉദ്ഘാടനം ചെയ്തു.
സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി അഭിവാദ്യം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് കെ സി ഹരികൃഷ്ണന്‍ അധ്യക്ഷനായി. ആവശ്യങ്ങള്‍ ഉന്നയിച്ച് ലക്ഷക്കണക്കിന് അധ്യാപകര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
കേരളത്തില്‍നിന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍, പ്രസിഡന്റ് ഡി സുധീഷ്, സെക്രട്ടറി കെ ബദറുന്നീസ, ട്രഷറര്‍ ടി കെ എ ഷാഫി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അധ്യാപകര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി.