സ്കൂളുകളില്‍ സമ്പൂര്‍ണ മൊബൈല്‍ നിരോധനത്തിനൊരുങ്ങി യു.കെ. കുട്ടികളുടെ സ്വഭാവ രൂപീകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം സ്കൂളില്‍ ചെലവഴിക്കുന്ന സമയം കൂടുതല്‍ ഗുണകരമാക്കലാണ് നിരോധനമേര്‍പ്പെടുത്തുന്നതിന് പിന്നിലെന്ന് അധികൃതര്‍ വിശദീകരിച്ചു.
മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മൊബൈല്‍ നിരോധനത്തിന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെ പ്രധാന അധ്യാപകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി.സ്കൂളുകളിലെ 97 ശതമാനം വിദ്യാര്‍ഥികളും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതായി നേരത്തെ ഓഫ്കോം ഡാറ്റ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.
പ്രധാന അധ്യാപകരുമായി കൂടിയാലോചിച്ചാണ് ഫോണ്‍ നിരോധനം നടപ്പാക്കിയതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ പറഞ്ഞു. ‘അറിവ് നേടാനും, സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും ആളുകളോട് സംസാരിക്കാനും ഇടപെഴകാനുമാണ് സ്കൂളില്‍ പോകുന്നത്. അവിടെ ചെന്ന് മൊബൈല്‍ ഫോണില്‍ മുഴുകാനോ സന്ദേശങ്ങള്‍ അയക്കാനോ അല്ല, അതിന് പകരം ക്ലാസിലുള്ളവരോട് തുറന്ന് സംസാരിക്കാമെന്നും വിദ്യാഭ്യാസ സെക്രട്ടറി’ വിദ്യാര്‍ഥികളോട് പറഞ്ഞു.
നിരോധനത്തിനൊപ്പം നില്ക്കാന് രക്ഷിതാക്കളും മുന്നോട്ട് വരണമെന്നും അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി നേരിട്ട് ബന്ധപ്പെടുന്നതിന് പകരം സ്കൂള്‍ ഓഫീസ് വഴി ബന്ധപ്പെടണമെന്നാണ് പുതിയ നിര്‍ദേശം.