Friday, April 18, 2025

13 ദിവസത്തിനുശേഷം മണിപ്പൂരിൽ സ്കൂളുകൾ തുറന്നുപ്രവർത്തിച്ചു; കർഫ്യൂവിലും ഇളവ്

മണിപ്പൂരിൽ സംഘർഷത്തെത്തുടർന്ന് അടഞ്ഞുകിടന്ന സ്കൂളുകൾ ഇന്ന് തുറന്നുപ്രവർത്തിച്ചു. ഇംഫാൽ താഴ്‌വരയിലെ ജില്ലകളിലും ജിരിബാം ജില്ലയിലും സംഘർഷം ശക്തമായതിനെത്തുടർന്ന് കഴിഞ്ഞ 13 ദിവസമായി സ്കൂളുകൾ അടഞ്ഞുകിടക്കുകയായിരുന്നു.

ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപുർ, കാക്ചിങ്, തൗബാൽ, ജിരിബാൽ ജില്ലകളിലെ സ്കൂളുകളാണ് ഇന്ന് തുറന്നുപ്രവർത്തിച്ചത്. ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ സ്കൂൾസ് ആൻഡ് ദി ഹയർ ആൻ‍ഡ് ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്മെന്റ് ഇന്നലെ ഉത്തരവിറക്കിയതിനെ തുടർന്നായിരുന്നു ഇത്.

മൂന്നു സ്ത്രീകളുടെയും മൂന്നു കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത താഴ്‌വരയിലെ ജില്ലകളിലും ജരിബാം ജില്ലയിലും സ്‌കൂളുകൾ അടഞ്ഞുകിടക്കുകയായിരുന്നു. സംസ്ഥാന സർക്കാർ ഈ ജില്ലകളിലെല്ലാം ഇന്ന് പുലർച്ചെ അഞ്ചു മുതൽ വൈകിട്ട് നാലു വരെ കർഫ്യൂവിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മേയ് മുതൽ ആണ് കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചത്. വിവിധ ആക്രമണങ്ങളിൽ ഇതുവരെ 250 ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

Latest News