സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന നിരവധി ശ്രീലങ്കക്കാര്‍ തമിഴ്നാട്ടില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഭക്ഷ്യ, ഇന്ധന, വൈദ്യുതി ക്ഷാമത്തിലേക്ക് നയിച്ച മാസങ്ങള്‍ നീണ്ട സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പ്രതിഷേധം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ജൂലൈയില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റ് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ നീട്ടുകയും ചെയ്ത സാഹചര്യത്തിലാണിത്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട ആറ് പേരില്‍ മൂന്ന് പേര്‍ കുട്ടികളാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജന്മനാടായ ശ്രീലങ്കയിലെ ജാഫ്ന വിട്ട് ബോട്ടില്‍ ഇന്ത്യയിലെത്തിയതായിരുന്നു കുടുംബങ്ങള്‍. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അവരെ ഒരു തുരുത്തില്‍ നിന്ന് രക്ഷിച്ച് മണ്ഡപം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, നിരവധി ശ്രീലങ്കക്കാര്‍ (ഭൂരിഭാഗവും തമിഴര്‍) പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയാതെ ദ്വീപ് രാഷ്ട്രം ഉപേക്ഷിച്ച് തമിഴ്നാട് വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നുണ്ട്. അവശ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില അവിടെ കുതിച്ചുയരുന്നതാണ് കാരണം.
ഇവരെ ബോട്ടുകാര്‍ രാമേശ്വരം ദ്വീപിന് സമീപം ഇറക്കി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി ധനുഷ്‌കോടിയിലെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞയാഴ്ച ലങ്കയിലെ രണ്ട് കുടുംബങ്ങളിലെ ഏഴ് പേരാണ് സംസ്ഥാനത്ത് എത്തിയത്.
ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ, അടിയന്തരാവസ്ഥ ഉപയോഗിച്ച് സമാധാനപരമായി നീങ്ങിയ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ വിക്രമസിംഗെ ഉത്തരവിട്ടതായി പ്രതിപക്ഷ നിയമസഭാംഗങ്ങള്‍ ആരോപിച്ചു. രാജപക്സെ കുടുംബത്തെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയ പ്രതിഷേധക്കാര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ അഴിച്ചുവിട്ടതിന് സര്‍ക്കാരിനെ അവര്‍ കുറ്റപ്പെടുത്തി.