ഈ വര്‍ഷം ഫെബ്രുവരിയില്‍ സംഭവിച്ചത് ആഗോളതലത്തില്‍തന്നെ സമുദ്രത്തിലെ മഞ്ഞുപാളികളുടെ കുറഞ്ഞ നിലയാണെന്ന് ശാസ്ത്രജ്ഞര്‍. ഇത് എക്കാലത്തെയും റെക്കോര്‍ഡ് താഴ്ചയാണെന്നും അവര്‍ പറഞ്ഞു. ഗ്രഹത്തെ ചൂടാക്കുന്ന വാതകങ്ങള്‍ അന്തരീക്ഷം മലിനമാക്കിയതിന്റെ ലക്ഷണമാണ് ഈ പ്രതിഭാസം എന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
ഫെബ്രുവരിയുടെ ആദ്യ പകുതിയില്‍തന്നെ ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ക്കു ചുറ്റുമുള്ള ഹിമത്തിന്റെ സംയോജിത വിസ്തീര്‍ണ്ണം ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയിരുന്നു. പിന്നീട് വീണ്ടും താഴുകയായിരുന്നു എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാനസേവനം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
സി 3 എസ് ഡെപ്യൂട്ടി ഡയറക്ടറായ സാമന്ത ബര്‍ഗസ് ഇതേക്കുറിച്ചു പറയുന്നത്, ലോകത്ത് ചൂട് കൂടിയതിന്റെ അനന്തരഫലമാണ് ഇത്തരത്തില്‍ കടലില്‍ ഐസ് ഉരുകുന്നത് എന്നാണ്. ഫെബ്രുവരി മാസത്തില്‍ എട്ട് ശതമാനത്തിൽ താഴെയാണ് സമുദ്രഹിമത്തിന്റെ വിസ്തൃതിയെന്ന് ഏജന്‍സി കണ്ടെത്തി. ഇത് ശരാശരിയെക്കാള്‍ 26% താഴെയാണ്. 1970 കളുടെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യവും വരെയുള്ള നിരീക്ഷണപ്രകാരമാണ് ഈ കണ്ടെത്തലുകള്‍.
ഫെബ്രുവരിയുടെ തുടക്കത്തില്‍തന്നെ ഉത്തരധ്രുവത്തിലെ തീവ്രമായ താപവ്യതിയാനം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിരുന്നു. പിന്നീട് ഈ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉയരാനും ഐസ് ഉരുകാനുള്ള പരിധി കവിയുകയും ചെയ്തിരുന്നു. ‘വളരെ ആശങ്കാജനകമായ’ സാഹചര്യമാണ് ഇതെന്നാണ് അവര്‍ ഈ സ്ഥിതിയെ വിശേഷിപ്പിക്കുന്നത്.