ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ വെള്ളപ്പൊക്കത്തിൽ കൽക്കരിഖനിയിൽ കുടുങ്ങിയ അഞ്ചുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തിയതിനെ തുടർന്ന് 44 ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മൃതദേഹങ്ങൾ അഴുകിയ അവസ്ഥയിലായതിനാൽ തിരിച്ചറിയാൻ ഡി എൻ എ പരിശോധനകൾ നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
ജനുവരി ആറിനായിരുന്നു കൽക്കരിഖനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഒമ്പത് ഖനിത്തൊഴിലാളികൾ അതിൽ കുടുങ്ങിയത്. ആദ്യ ആഴ്ചയിൽതന്നെ നാലു മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ബുധനാഴ്ച വരെ തിരച്ചിൽ തുടർന്നപ്പോൾ ബാക്കിയുള്ള മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.