ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് ഇവിഎം പരിശോധിക്കാം. തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നൂം സ്ഥാനത്തെത്തിയവര്‍ക്കാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ മൈക്രോ കണ്ട്രോളര് യൂണിറ്റ് പരിശോധിക്കാന്‍ അവസരം. ഒരു ഇ.വി.എം യൂണിറ്റ് പരിശോധിക്കാന്‍ 40,000 രൂപയും 18 ശതമാനം ജി.എസ്.ടിയും കെട്ടിവെക്കണം. കണ്ട്രോള് യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി പാറ്റ് എന്നിവയടങ്ങിയതാണ് ഒരു ഇ.വി.എം യൂണിറ്റ്. അട്ടിമറി തെളിഞ്ഞാല്‍ പണം തിരിച്ചുനല്‍കും.
മൈക്രോ കണ്ട്രോളര് യൂണിറ്റില്‍ എതെങ്കിലും തരത്തിലുള്ള മാറ്റമോ അട്ടിമറിയോ നടന്നിട്ടുണ്ടോ എന്ന് ഇത്തരത്തില്‍ പരിശോധിക്കാം. ഏഴ് ദിവസത്തിനുള്ളില്‍ പരിശോധന വേണമെന്ന് സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യപ്പെടാം. പരിശോധനക്കുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. ഏപ്രില്‍ 26ന് സുപ്രിംകോടതി പുറപ്പെടുവിച്ച മാനദണ്ഡപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗരേഖ പുറത്തിറക്കിയത്.
ഒരു പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെട്ട നിയമസഭാ മണ്ഡലത്തിലെ അഞ്ച് ശതമാനം ഇ.വി.എം യൂനിറ്റുകള്‍ ഇത്തരത്തില്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം. ഒരു നിയമസഭാ മണ്ഡലത്തില്‍ മൊത്തം ഉപയോഗിക്കുന്ന ഇ.വി.എമ്മുകള്‍ കണക്കാക്കിയാല്‍ 400 ബാലറ്റ് യൂണിറ്റുകള്‍, 200 കണ്ട്രോള് യൂണിറ്റുകള്‍, 200 വി.വി പാറ്റുകള്‍ എന്നിവയുണ്ടാകും. ഇതിന്റെ അഞ്ച് ശതമാനം കണക്കാക്കുമ്പോള്‍ 20 ബാലറ്റ് യൂണിറ്റുകള്‍ 10 കണ്ട്രോള് യൂണിറ്റുകള്‍ 10 വി.വി പാറ്റുകള്‍ എന്നിവ പരിശോധിക്കാനാവും. തെരഞ്ഞെടുപ്പ് സമയത്ത് ഇവിഎം മെഷീനെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.