കേരളത്തിൽ ഒരാൾക്കു കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് കഴിഞ്ഞാഴ്ച എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. ലക്ഷണങ്ങളുമായി ചികിത്സ തേടിയ വ്യക്തിയെ സ്രവപരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമാണു രോഗം സ്ഥിരീകരിച്ചത്.
കേരളത്തിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ മലപ്പുറം സ്വദേശിയായ മുപ്പത്തിയെട്ടുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും യുഎഇയിൽ നിന്നു നാട്ടിലെത്തിയതായിരുന്നു. ഇതോടെ മറ്റ് രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ തിരഞ്ഞെടുത്ത ആശുപത്രികളിൽ ചികിത്സയും ഐസൊലേഷൻ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. എല്ലാ മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് എംപോക്‌സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശം പുറത്തിറക്കി. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദം എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ജാഗ്രത പുലർത്താനും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാനും നിർദ്ദേശത്തിൽ പറയുന്നു.