പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കുശേഷം, യു എസിൽ നിന്ന് നാടുകടത്തപ്പെട്ട നൂറിലധികം ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനം ശനിയാഴ്ച വടക്കൻ നഗരമായ അമൃത്സറിൽ എത്തി.
യു എസ് സൈന്യത്തിന്റെ സി 17 ഗ്ലോബ്മാസ്റ്റർ III കാർഗോ വിമാനം, കുറഞ്ഞത് 119 ഇന്ത്യൻ കുടിയേറ്റക്കാരെയെങ്കിലും തിരിച്ചയച്ചിട്ടുണ്ട്. അതിൽ നൂറുപേർ വടക്കൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും 18 നും 30 നുമിടയിൽ പ്രായമുള്ള പുരുഷന്മാരും നാല് സ്ത്രീകളും പ്രായപൂർത്തിയാകാത്ത രണ്ടുപേരും ആയിരുന്നുവെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
നാടുകടത്തപ്പെട്ടവരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ വ്യോമമാർഗം നാട്ടിലേക്ക് അയയ്ക്കുമ്പോൾ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവർ റോഡ് മാർഗം യാത്ര ചെയ്യുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.