ഗാസയിലെ ബന്ദികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ഫുട്‌ബോളറായ ഈഡന്‍ കാര്‍ത്സെവിനെ ഇസ്താംബുള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മൊഴിയെടുത്ത ശേം വിട്ടയയ്ക്കുകയാണ് ചെയ്തത്. ഇസ്താംബൂളിന്റെ ബഷാക്ഷെഹിര്‍ എഫ്.കെ.ക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഇസ്രായേല്‍ ബന്ദികളെ പിന്തുണച്ചതിന്റെ പേരില്‍ അറസ്റ്റിലാകുന്ന, തുര്‍ക്കിഷ് ലീഗിലെ രണ്ടാമത്തെ ഇസ്രായേലി കളിക്കാരനാണ്, കര്‍സേവ്.
ഗോളടിച്ചതിനു ശേഷമുള്ള ആഘോഷത്തില്‍ ഇസ്രായേല്‍ -പലസ്തീന്‍ യുദ്ധത്തെപ്പറ്റി സൂചിപ്പിച്ച ഇസ്രായേല്‍ ഫുട്ബോള്‍ താരം തുര്‍ക്കിയില്‍ നേരത്തെ അറസ്റ്റിലായിരുന്നു. അന്റലിയാസ്പൊര്‍ താരമായ സഗിവ് ജെഹെസ്‌കയാണ് അറസ്റ്റിലായത്. വെറുപ്പ് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇസ്രായേല്‍ ദേശീയ ടീമിനായി 8 തവണ കളത്തിലിറങ്ങിയ 28കാരനായ താരത്തെ ക്ലബ് സസ്പന്‍ഡ് ചെയ്യുകയും ചെയ്തു.
ട്രാബ്സോണ്‍പോര്‍ ക്ലബിനെതിരെ ഗോള്‍ നേടിക്കഴിഞ്ഞ് ആഘോഷിക്കുമ്പോള്‍ കയ്യിലെ ബാന്‍ഡേജിലാണ് വിവാദ സന്ദേശം രേഖപ്പെടുത്തിയിരുന്നത്. ‘100 ദിവസം, 07/10’ എന്നതായിരുന്നു സന്ദേശം. യുദ്ധം തുടങ്ങി 100 ദിവസമായെന്നും ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചു എന്നുമാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു എന്നും അടിച്ചമര്‍ത്തപ്പെടുന്ന പലസ്തീനൊപ്പമാണ് തങ്ങള്‍ എന്നും തുര്‍ക്കി പറഞ്ഞു.