Monday, November 25, 2024

യുഎസില്‍ രഹസ്യ രേഖകള്‍ ചോര്‍ത്തിയ സംഭവം; പ്രതി എയർ നാഷണൽ ഗാർഡിലെ അംഗം

രഹസ്യ രേഖകള്‍ ചോര്‍ത്തിയെന്ന കേസില്‍ യുഎസ് എയർ നാഷണൽ ഗാർഡിലെ അംഗമായ 21 കാരന്‍ അറസ്റ്റില്‍. മസാച്യുസെറ്റ്സിലെ ഡിറ്റണ്‍ സ്വദേശിയായ ജാക്ക് ഡഗ്ലസ് ടെയ്‌സെയ്‌റയെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. രഹസ്യ രേഖകള്‍ ചോര്‍ന്നതായി വിവരം ലഭിച്ച് ഒരാഴ്ച്ചയ്ക്കു ശേഷമാണ് പ്രതിയെ പിടികൂടുന്നത്.

വീഡിയോ ഗെയ്മര്‍മാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിലേക്ക് ടെയ്‌സെയ്‌റ രഹസ്യ വിവരങ്ങള്‍ കൈമാറുകയായിരുന്നു. യുക്രൈന്‍ യുദ്ധം, സഖ്യകക്ഷികളുടേയും എതിരാളികളുടേയും ഇന്‍റലിജന്‍സ് വിലയിരുത്തലുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളായിരുന്നു ചോര്‍ത്തിയത്.
ഇതില്‍ ചില രേഖകള്‍ ദേശീയ മാധ്യമമായ സിഎന്‍എന്നിനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രേഖകൾ ചോർന്നതായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറം ലോകമറിയുന്നത്.

സംഭവം പുറത്തു വന്നതിനു പിന്നാലെ ലോകമെമ്പാടുമുള്ള സഖ്യകക്ഷികളുടെ മുന്നില്‍ വാഷിംഗ്ടണിനു തലകുനിക്കേണ്ട സാഹചര്യം വന്നിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഉടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണം തുടരുകയാണെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. അതേസമയം,
2010-ൽ വീക്കിലിക്‌സ് വെബ്‌സൈറ്റിൽ 700,000-ലധികം രേഖകളും വീഡിയോകളും നയതന്ത്ര കേബിളുകളും പ്രത്യക്ഷപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സുരക്ഷാ ലംഘനമാണ് ഇതെന്നാണ് വിലയിരുത്തല്‍.

Latest News