പാര്‍ലമെന്റ് ശൈത്യകാലസമ്മേളനത്തിനിടെ ലോകസഭയില്‍ സുരക്ഷ വീഴ്ച. സന്ദർശകഗാലറിയിൽ നിന്ന് രണ്ട് പേർ സഭയുടെ നടുത്തളത്തിലിറങ്ങി കണ്ണീർ വാതകം പ്രയോഗിച്ചതായാണ് വിവരം. സഭയില്‍ ശുന്യവേള നടക്കുന്നതിനിടെയാണ് സംഭവം.
2001ല്‍ അഫ്സല് ഗുരുവിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് ആക്രമണം നടന്ന അതേ ദിനത്തിലാണ് ലോകസഭയില്‍ സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തിന് പാർലമെന്റ് ആക്രമണവുമായി ബന്ധമില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഖലിസ്ഥാൻ അനുകൂല വാദികളുടെ ഭീഷണി നിലനിൽക്കെ പാര്‍ലമെന്റ് സമുച്ചയത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നുവെങ്കിലും ഇതെല്ലാം അതിജീവിച്ചാണ് സഭയിലെ കണ്ണീർ വാതക പ്രയോഗം.
അനധികൃതമായി സഭയില്‍ പ്രവേശിച്ച രണ്ട് യുവാക്കള്‍ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് സഭയുടെ നടുത്തളത്തിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ കണ്ണീർ വാതകം പ്രയോഗിച്ചത്. ഇത് കളര്സ്പ്രേയാണോ എന്നും സംശയമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ചില എംപിമാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. എംപിമാരെല്ലാം സുരക്ഷിതരാണ്.
അതേസമയം, മഞ്ഞയും പച്ചയും നിറം കലർന്ന വാതകമാണ് പ്രയോഗിച്ചതെന്ന് രമ്യാ ഹരിദാസ് എംപി പറയുന്നു. ഉടൻ തന്നെ എംപിമാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചെന്നും രമ്യ റിപോർട്ടർ ടിവിയോട് പറഞ്ഞു. ഈ യുവാക്കൾ മുദ്രാവാക്യം മുഴക്കിയെന്നും സൂചനയുണ്ട്.