Tuesday, November 26, 2024

ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സുരക്ഷാവീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സൈന്യം പിരിച്ചുവിട്ടു. മെയ് 9-നു നടന്ന പ്രതിഷേധത്തില്‍ സൈനിക സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് നടപടി. സംഭവത്തില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സൈന്യം അറിയിച്ചു.

ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അനുകൂലികള്‍ രാജ്യത്തെ ഇരുപതിലധികം സൈനിക സ്ഥാപനങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളുമാണ് തകര്‍ത്തത്. ഇതേ തുടര്‍ന്ന് സൈന്യം രണ്ട് അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാവീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഒരു ലെഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സൈന്യം പിരിച്ചുവിട്ടതായി അറിയിച്ചത്.

“അന്വേഷണത്തിനു ശേഷം റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനം, സൈനിക സ്ഥാപനങ്ങള്‍, ജിന്ന ഹൗസ്, ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ സുരക്ഷ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചു. ലെഫ്റ്റനന്റ് ജനറൽ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ നീക്കം ചെയ്യുകയും മൂന്ന് മേജര്‍ ജനറല്‍മാരും ഏഴ് ബ്രിഗേഡിയര്‍മാരും ഉള്‍പ്പെടെയുളള മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും ചെയ്തു” – സൈന്യം പറഞ്ഞു. “മെയ് 9-ലെ അക്രമത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഭരണഘടനാ നിയമപ്രകാരം ശിക്ഷിക്കും” – മേജര്‍ ജനറല്‍ അര്‍ഷാദ് ഷെരീഫ് ഒരു പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണെന്നും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Latest News