ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികം കണക്കിലെടുത്ത് ശബരിമലയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തി. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളനുസരിച്ച്, പമ്പ മുതൽ സന്നിധാനം വരെ അതീവജാഗ്രത പ്രഖ്യാപിച്ചു.
സുരക്ഷാനടപടികളുടെ ഭാഗമായി ഇന്ന് ഒരുദിവസത്തേക്ക് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്ത്തേങ്ങ ഉടയ്ക്കാൻ അനുവദിക്കില്ല. പകരം മാളികപ്പുറത്തേക്കു പോകുന്ന വഴിയിൽ നെയ്ത്തോണിയിൽ നെയ്ത്തേങ്ങ ഉടയ്ക്കാം. കഴിഞ്ഞ ദിവസം നട അടച്ചശേഷം സോപാനത്ത് ബോംബ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു.
ക്ഷേത്ര ആചാരങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തവിധമായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത്. ട്രാക്ടറുകൾ പമ്പയിൽ പരിശോധിക്കുന്നത് തുടരും. ഇന്ന് രാത്രി വരെ മരക്കൂട്ടത്ത് ട്രാക്ടറുകൾ പരിശോധിക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നും നടപ്പന്തൽ അവസാനം മുതൽ മാളികപ്പുറത്തുനിന്ന് ഇറങ്ങുംവരെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.