നല്ല നേതൃത്വത്തിന് ആവശ്യമായ ഗുണങ്ങൾ ആത്മത്യാഗവും എളിമയുള്ള സേവനവുമെന്ന് ഫ്രാൻസിസ് മാർപാപ്പ. നവംബർ പത്തിന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിച്ചേർന്ന തീർഥാടകരോടു സംസാരിച്ച അവസരത്തിലാണ് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്.
“സഹോദരന്മാരേ, എന്റെ ഉത്തരവാദിത്വമേഖലകളിൽ ഞാൻ എങ്ങനെ പെരുമാറണമെന്ന് നമുക്ക് സ്വയം ചോദിക്കാം. ഞാൻ വിനയത്തോടെയാണോ പ്രവർത്തിക്കുന്നത്, അതോ ഞാൻ പൊങ്ങച്ചം നടിക്കുന്നുണ്ടോ, ഞാൻ ആളുകളോട് മാന്യമായി പെരുമാറാറുണ്ടോ, അതോ അവരോട് പരുഷമായും സ്വേച്ഛാധിപത്യപരമായും പെരുമാറുകയാണോ” – സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചുകൂടിയ തീർഥാടകരോട് പാപ്പ ചോദിച്ചു.
യുക്രൈൻ, പാലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാന്മർ, സുഡാൻ എന്നിവിടങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളും അതിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെയും ഈ അവസരത്തിൽ ഫ്രാൻസിസ് പാപ്പ പ്രാർഥനയിൽ അനുസ്മരിച്ചു.