വത്തിക്കാനിലേക്കുള്ള ബൊളീവിയ, ക്യൂബ, വെനസ്വേല എന്നീ രാജ്യങ്ങളുടെ എംബസികൾ, ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ രേഖകളുടെ വെളിച്ചത്തിൽ പാരിസ്ഥിതിക പ്രതിസന്ധിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച സെമിനാർ സംഘടിപ്പിച്ചു. പ്രകൃതിയുടെ മേൽ മനുഷ്യന്റെ ആധിപത്യമല്ല, മറിച്ച് സകല സൃഷ്ടികളോടും ബന്ധം സ്ഥാപിക്കുവാനുള്ള അഭ്യർത്ഥന ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ സെമിനാർ നടത്തപ്പെട്ടത്.
കാലാവസ്ഥ വ്യതിയാനത്തിന്റെ അടയാളങ്ങളെ മറക്കുവാനോ, അവയെ മറ്റു തരത്തിൽ അവതരിപ്പിക്കുവാനോ ശ്രമിക്കുന്നത് ശരിയായ ഒരു പ്രവണതയല്ലെന്നും, ഇവ ദരിദ്രരാജ്യങ്ങളെ രൂക്ഷമായി ബാധിക്കുമെന്നും പാപ്പായുടെ സന്ദേശത്തിൽ പറയുന്നു. അതിനാൽ ജനങ്ങൾ തമ്മിലും, സകല സൃഷ്ടികളുമായും അഭേദ്യമായ ഒരു ബന്ധം രൂപപ്പെടുത്തിയെടുക്കണമെന്നും പാപ്പ പറഞ്ഞു.
രൂക്ഷമാകുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, വാക്കുകളുടെ പ്രകടനത്തിൽ നിന്നും, പ്രവൃത്തികളിലേക്ക് മാറേണ്ടതിന്റെ അടിയന്തിര സാഹചര്യം കർദിനാൾ പ്രിവോസ്റ്റ് പ്രത്യേകം എടുത്തു പറഞ്ഞു. പ്രകൃതിയുടെ മേൽ മനുഷ്യൻ സ്വേച്ഛാധിപത്യം നടത്തരുതെന്നും, മറിച്ച് സൃഷ്ടികളുടെ മേൽ സ്രഷ്ടാവ് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റണമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.