Tuesday, November 26, 2024

അയച്ച സന്ദേശങ്ങള്‍ ഇനി എഡിറ്റ് ചെയ്യാം; വാട്സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

പ്രമുഖ മെസേജിംഗ് ആപ്ളിക്കേഷനായ വാട്സാപ്പില്‍, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ ആന്‍ഡ്രോയിഡുകളില്‍ ആപ്ളിക്കേഷന്‍ അപ്ഡേറ്റ് ചെയ്താല്‍ പുതിയ ഓപ്ഷന്‍ ഉപയോഗിക്കാന്‍ കഴിയും. സന്ദേശങ്ങള്‍ അയച്ച് 15 മിനിറ്റ് നേരത്തേക്കാണ് അവ എഡിറ്റ് ചെയ്യാന്‍ അവസരമുള്ളത്.

ആപ്പിള്‍ ഐ മെസേജ്, ടെലഗ്രാം തുടങ്ങിയ ആപ്പുകളുടേതിനു സമാനമായി എഡിറ്റിംഗ് ഫീച്ചര്‍ വാട്സാപ്പിലും കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായി മെറ്റ മേധാവി മാർക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. ഇതിന് ഏതാനും ആഴ്ചകള്‍ക്കു പിന്നാലെയാണ് വാട്സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഉപഭോക്താവ് അയച്ച സന്ദേശങ്ങളിലെ വ്യാകരണ പിശകുകള്‍, അക്ഷരത്തെറ്റുകള്‍ എന്നിവ തിരുത്തി സന്ദേശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍, എഡിറ്റ് ചെയ്യേണ്ട സന്ദേശത്തില്‍ ലോങ് പ്രസ് ചെയ്ത ശേഷം മുകളില്‍ കാണുന്ന മൂന്ന് കുത്തുകളില്‍ അമര്‍ത്തുക. തുടർന്ന് എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതിയാകും. അതേസമയം, 15 മിനിറ്റ് മാത്രമാകും സന്ദേശങ്ങളിൽ തിരുത്തല്‍ വരുത്താന്‍ സാധിക്കുക.

Latest News