Wednesday, May 14, 2025

ഉത്തര കൊറിയൻ സൈന്യം റഷ്യയ്ക്കായി യുക്രൈനിൽ പോരാടുന്നതിൽനിന്നും പിന്മാറണം: ദക്ഷിണ കൊറിയ

യുക്രൈനിൽ യുദ്ധം ചെയ്യാൻ പരിശീലിപ്പിക്കുന്നതായി പറയുന്ന ഉത്തര കൊറിയൻ സൈനികരെ ഉടൻ പിൻവലിക്കണമെന്ന് ദക്ഷിണ കൊറിയ റഷ്യൻ അംബാസഡറോട് ആവശ്യപ്പെട്ടു. പ്രത്യേക സേനയിൽ നിന്നുള്ളവരുൾപ്പെടെ 1,500 ഓളം ഉത്തര കൊറിയൻ സൈനികർ ഇതിനകം റഷ്യയിലെത്തിയതായി സിയൂളിലെ ചാരസംഘടന കണ്ടെത്തിയതിനെത്തുടർന്നാണിത്.

റഷ്യൻ അംബാസഡർ ജോർജി സിനോവീവുമായുള്ള കൂടിക്കാഴ്ചയിൽ ദക്ഷിണ കൊറിയയുടെ ഉപ വിദേശകാര്യമന്ത്രി കിം ഹോങ്-ക്യുൻ ഈ നീക്കത്തെ അപലപിക്കുകയും സിയൂൾ ‘ലഭ്യമായ എല്ലാ നടപടികളോടും പ്രതികരിക്കുമെന്ന്’ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ആശങ്കകൾ ദൂരീകരിക്കുമെന്ന് സിനോവീവ് പറഞ്ഞെങ്കിലും മോസ്കോയും പ്യോങ്യാങ്ങും തമ്മിലുള്ള സഹകരണം ‘അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ ആണെന്ന്’ ഇദ്ദേഹം തറപ്പിച്ചുപറഞ്ഞു. റഷ്യയുടെ സൈന്യത്തോടൊപ്പം യുദ്ധം ചെയ്യാൻ ഉത്തര കൊറിയ, സൈന്യത്തെ അയച്ചെന്ന ആരോപണം അംബാസഡർ സ്ഥിരീകരിച്ചിട്ടില്ല.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മൂന്നാം രാജ്യങ്ങൾക്ക് എതിരല്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെക്കുറിച്ച് പ്യോങ്യാങ് പ്രതികരിച്ചിട്ടില്ല. യുക്രൈനെതിരായ യുദ്ധത്തിൽ ഉപയോഗിക്കാൻ റഷ്യയ്ക്ക് ഉത്തര കൊറിയ ആയുധങ്ങൾ നൽകുന്നുവെന്ന് ദക്ഷിണ കൊറിയ പണ്ടേ ആരോപിച്ചിരുന്നു. എന്നാൽ, നിലവിലെ സാഹചര്യം സൈനികസാമഗ്രികളുടെ കൈമാറ്റത്തിനപ്പുറമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

റഷ്യയുമായി പോരാടാൻ പ്യോങ്യാങ് സൈന്യത്തെ വിന്യസിക്കുന്നത് സംഘർഷത്തെ കൂടുതൽ ഗുരുതരമാക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ തിങ്കളാഴ്ച പറഞ്ഞു. ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ആഴത്തിലുള്ള സൈനികബന്ധത്തെ അമേരിക്കയും ജപ്പാനും അപലപിച്ചിട്ടുണ്ട്.

Latest News