സാമ്പത്തിക പ്രതിസന്ധി ലോകത്തെ വികസ്വര രാജ്യങ്ങളെ രൂക്ഷമായി ബാധിക്കുന്ന നിലയിലേക്ക് എത്തുമെന്ന മുന്നറിയിപ്പുമായി യുഎൻഡിപി. 54 ഓളം വികസ്വര രാജ്യങ്ങളാണ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തുന്നത് എന്നാണ് യുഎൻഡിപി റിപ്പോർട്ട്. വായ്പാ പ്രതിസന്ധിയാണ് ഈ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനു കാരണം.
അടിയന്തരമായി സാമ്പത്തിക സഹായം ലഭ്യമാക്കിയില്ലെങ്കിൽ കുറഞ്ഞത് 54 രാജ്യങ്ങളിലെങ്കിലും ദാരിദ്ര്യത്തിന്റെ തോത് വർദ്ധിക്കും. ഇത്തരത്തിൽ പ്രതിസന്ധി രൂക്ഷമായി ബാധിച്ചേക്കാവുന്ന രാജ്യങ്ങളിലാണ് ലോകത്തെ ജനസംഖ്യയുടെ പകുതിയോളം എന്നതും പ്രതിസന്ധിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ 54 രാജ്യങ്ങളിൽ 46 രാജ്യങ്ങൾക്കും 2020-ൽ തന്നെ 782 ബില്യൺ ഡോളറിന്റെ പൊതു കടം ഉണ്ടായിരുന്നതായാണ് യുഎൻഡിപി റിപ്പോർട്ട് ചെയ്യുന്നത്.
വലിയ സാമ്പത്തിക ബാധ്യതകൾ രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കടം അടച്ചു തീർക്കാനോ പുതിയ സാമ്പത്തിക ഇടപാടുകൾ തുടങ്ങാനോ സാധിക്കാത്ത വിധത്തിലേക്ക് മിക്ക രാജ്യങ്ങളും എത്തി നിൽക്കുന്നു. പാക്കിസ്ഥാൻ, ടുണീഷ്യ, ഛാഡ്, സാംബിയ എന്നീ രാജ്യങ്ങളാണ് സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടാൻ പോകുന്ന രാജ്യങ്ങളെന്നാണ് യുഎൻഡിപിയുടെ വിലയിരുത്തൽ.
കോവിഡ് മഹാമാരി പലരാജ്യങ്ങളുടെയും നട്ടെല്ല് തകർക്കുന്ന നിലയിലേക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന് മുൻപും പല വികസ്വര രാജ്യങ്ങളെയും പ്രതിസന്ധി ബാധിച്ച് തുടങ്ങിയിരുന്നു.