Sunday, November 24, 2024

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻറെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഏഴ് പ്രതികൾ കുറ്റക്കാർ: പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ്

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻറെ കൈപ്പത്തിവെട്ടിമാറ്റിയ കേസിൽ എൻ ഐ എ കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ്. കേസിൽ ഏഴ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയും നാല് പേരെ വെറുതെ വിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ് പ്രതികരണവുമായി രംഗത്തെത്തിയത്.

“പ്രതിയെ ശിക്ഷിക്കുന്നതുകൊണ്ട് ഇരക്ക് നീതി ലഭിക്കുന്നു എന്ന വിശ്വാസം എനിക്കില്ല. അത് രാജ്യത്തിൻറെ നിയമം നടപ്പാക്കുന്നു എന്നേ ഉള്ളു. എന്റെ കൈവെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട അവരും ഒരു കണക്കിന് പറഞ്ഞാൽ ഇരകളാണ്. ആറാം നൂറ്റാണ്ടിലെ ഒരു പ്രാകൃത നിയമത്തിന്റെ/വിശ്വാസത്തിന്റെ ഇരകൾ. ഒരു ഗോത്രവർഗ്ഗത്തിന്റെ നിയമമാണ് എന്റെമേൽ നടപ്പാക്കിയത്. ശരിക്കും ഇവരാണ് കുറ്റവാളികൾ.” വധി പ്രസ്താവത്തിനു പിന്നാലെ ടി ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പ്രാകൃത വിശ്വാസത്തിന്റെ പേരിൽ ആക്രമം നടത്താൻ തീരുമാനമെടുത്തവരെയും അതിനു പ്രചോദിപ്പിച്ചവരെയുമാണ് ജയിലിൽ അടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം തകർക്കേണ്ടത് 2000 വർഷങ്ങൾക്ക് മുൻപുള്ള ഈ പ്രാകൃത വിശ്വാസത്തെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തി എന്ന ആരോപണത്തിൽ സസ്പെൻഷനിലായ പ്രൊഫസർ ടി ജെ ജോസഫിനെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. തുടർന്ന് ആക്രമികൾ അധ്യാപകന്റെ കൈവെട്ടിമാറ്റി. ന്യൂമാൻ കോളേജിൽ ബി.കോം രണ്ടാം വർഷ ഇന്റേണൽ പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറായിരുന്നു വിവാദത്തിലായത്. 2010 ജൂലൈ നാലിനായിരുന്നു സംഭവം.

സജൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ, അയൂബ്, മൻസൂർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. അസീസ്, സുബൈർ, മുഹമ്മദ്, റാഫി, ഷഫീക്ക് എന്നിവരെ വെറുതെ വിട്ടു. കേസിൽ രണ്ട് ഘട്ടമായിയാണ് വിചാരണ നേരിട്ടത്. ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്.

Latest News