ഏപ്രിൽ 28 ന് നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് ഒരു ക്രിസ്ത്യൻ സമൂഹത്തിനു നേരെ ബോക്കോ ഹറാം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴ് ക്രൈസ്തവർ കൊല്ലപ്പെട്ടു. കൂടാതെ, അക്രമികൾ വീടുകളും പള്ളിക്കെട്ടിടങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു.
“ആക്രമണത്തിൽ ഏഴ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു” – പ്രദേശവാസിയായ ഇബ്രാഹിം ആദാമു പറഞ്ഞു. ചിബോക്ക് ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ മോഡു മുസ്തഫ ആക്രമണം സ്ഥിരീകരിച്ചു.
“തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ, വിലാപയാത്രക്കാർക്കു നേരെയുണ്ടായ ആക്രമണം തിക്കിലും തിരക്കിലും കലാശിക്കുകയായിരുന്നു. ഭീകരർ വെടിവച്ചപ്പോൾ ആളുകൾ ചിതറിയോടി. ബൊക്കോ ഹറാം നടത്തിയ ആക്രമണത്തിൽ, വിലാപയാത്രയിൽ സംബന്ധിച്ച ഏഴ് ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ നിരവധി പള്ളിക്കെട്ടിടങ്ങളും തകർന്നു” – മുസ്തഫ പറഞ്ഞു.
ചിബോക്ക് കൗണ്ടിയിലെ ക്വാപ്ലെ ഗ്രാമത്തിൽ തീവ്രവാദികൾ ആക്രമണം നടത്തിയതായി പ്രദേശവാസിയായ ജെയിംസ് മൂസ പറഞ്ഞു. “ചിബോക്ക് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ക്വാപ്ലെ ഗ്രാമം ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണത്തിലാണ്. ദയവായി ദൈവത്തിന്റെ ഇടപെടലിനായി പ്രാർഥിക്കുക” – പ്രദേശവാസികൾ അഭ്യർഥിച്ചു.