ഇക്വഡോറില്‍ രണ്ടാം ഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏഴു കുറ്റവളികള്‍ ജയിലില്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഫെർണാണ്ടോ വില്ലാവിചെ൯സിയോയുടെ ഘാതകരാണ് ജയിലില്‍ കൊല്ലപ്പെട്ടത്. പ്രതികളെ സംഘടിതമായി കൊലപ്പെടുത്തിയതാണെന്നും സംശയിക്കപ്പെടുന്നുണ്ട്.
ഫെർണാണ്ടോയുടെ കൊലപാതകത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളില്‍ ആറുപേരെ ഗ്വായാക്വിൽ നഗരത്തിലെ ലിറ്റോറൽ ജയിലിൽ വെള്ളിയാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലക്കേസിലെ ഏഴാമത്തെ പ്രതിയായ വ്യക്തിയെ തലസ്ഥാന നഗരമായ ക്വിറ്റോയിലെ ജയിലിൽ ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ഇക്വഡോറിലുടനീളം പ്രകമ്പനം സൃഷ്ടിച്ച പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ കൊലപാതകത്തിന്‍റെ അന്വേഷണത്തെ തടസ്സപ്പെടുത്താനുമുള്ള ആസൂത്രിതമായ ശ്രമമാണ് ഒരേസമയം നടന്ന ഈ കൊലപാതകങ്ങളെന്നും ആക്ഷേപം ഉയരുന്നുണ്ട്.
തടവുകാരുടെ ദുരൂഹ കൊലപാതകങ്ങള്‍ക്കു പിന്നാലെ ഇക്വഡോറിലെ ശിക്ഷാ സംവിധാനത്തിന്റെ ഡയറക്ടറെയും പോലീസ് അന്വേഷണ മേധാവിയെയും അവരുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ഭരണകൂടം അറിയിച്ചു. കൊലപാതകങ്ങളുടെ പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രസിഡന്റ് ഗുയില്ലെർമോ ലാസോ ഉന്നതതലയോഗത്തിനു പിന്നാലെ ഉറപ്പു നല്‍കി.