ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയില്‍ ഏഴു പുതിയ തസ്തികകള്‍ക്ക് കൂടി അനുവദിച്ചു. ഇതു സംബന്ധിച്ച തീരുമാനത്തിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മില്‍ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്.
അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെയും (എ.ഡി.ജി) ആറ് ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെയും (ഐ.ജി) തസ്തികകളാണ് കേന്ദ്രം പുതുതായി കൊണ്ടുവരുന്നത്. ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ എന്‍.ഐ.എയിലേക്ക് കൊണ്ടുവരുന്നത്. ഇന്ത്യയ്ക്കു പുറത്തുള്ള ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ ഉത്തരവിടുകയും ചെയ്തിരുന്നു.
നിലവിൽ, ഖാലിസ്ഥാനി, ഇസ്ലാമിക ഭീകരത, അതിർത്തി കടന്നുള്ള ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ, സൈബർ ഭീകരത എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ എൻഐഎയ്ക്ക് ഒരു എഡിജിയും നാല് ഐജിമാരുമാണ് ഉള്ളത്. പുതിയ തസ്തികക്ക് അംഗീകാരം നല്‍കിയതോടെ രണ്ട് എഡിജിമാരെയും 10 ഐജിമാരെയും സേനയിൽ ഉറപ്പാക്കാന്‍ കഴിയും.