Sunday, November 24, 2024

ഭക്ഷണമേശയിൽ ശ്രദ്ധിക്കാൻ ഏഴു കാര്യങ്ങൾ

കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്തിന്റെ ഗുണങ്ങൾ ഏറെയാണ്. ഒരുമിച്ചുള്ള ഭക്ഷണ സമയം കുടുംബാംഗങ്ങൾക്കിടയിൽ കൂടുതൽ സ്നേഹവും ബന്ധവും കരുതലും സുരക്ഷിതത്വബോധവും വളർത്തുന്നു. കുട്ടികളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷം കൊണ്ടുവരുവാനും ജീവിതസമ്മർദ്ദം കുറയ്ക്കുവാനും ഈ ശീലം സഹായകമാകുന്നു.

കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ അർത്ഥവും സൗന്ദര്യവും മനസിലാക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സമയം ആസ്വാദ്യകരമാക്കണം. കുട്ടികൾക്ക് നല്ല പെരുമാറ്റവും സംഭാഷണവും പരിശീലിക്കാനുള്ള സമയം കൂടിയാണിത്. കുട്ടികൾക്കു മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഇത് ബാധകമാണ്.

കുടുംബാംഗങ്ങൾ ഒന്നിച്ച് ഭക്ഷണമേശയിലേക്ക് വരുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ ഇതാ 

1. ഏറ്റവും നല്ല മനോഭാവത്തോടെ ഭക്ഷണമേശയിലേക്ക് വരാൻ ശ്രദ്ധിക്കാം. ഡൈനിംഗ് റൂമിൽ ദേഷ്യവും സമ്മർദ്ദവും ഉപേക്ഷിക്കുക.

2. നിങ്ങൾക്ക് വിളമ്പുന്നത് ഇഷ്ടമല്ലെങ്കിലും, ഭക്ഷണമേശയിലായിരിക്കുമ്പോൾ നിങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ദയയും ബഹുമാനവും പുലർത്തുക.

3. നിങ്ങളുടെ സംഭാഷണത്തിൽ നല്ലതും സന്തോഷകരവുമായ കാര്യങ്ങൾ ഉണ്ടായിരിക്കട്ടെ. ആധിപത്യം സ്ഥാപിക്കുന്ന തരത്തിൽ ഇടപെടരുത്.

4. ഭക്ഷണമേശയിൽ സ്വസ്ഥമായ രീതിയിൽ ആയിരിക്കാൻ ശ്രമിക്കുക. വസ്ത്രധാരണത്തിലും ഇരിപ്പിലും ഒക്കെ അങ്ങനെ ആയിരിക്കാൻ ശ്രദ്ധിക്കണം.

5. പാത്രങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുക. പാത്രങ്ങൾ വലിയ ശബ്ദത്തോടെ ഉപയോഗിക്കുകയോ ഉച്ചത്തിൽ ചവക്കുകയോ ചെയ്യുന്ന രീതികൾ പാടില്ല.

6. നിങ്ങൾ കഴിച്ചു തീർന്നതിനു ശേഷം ഭക്ഷണമേശയിൽ നിന്നും പോകാൻ താൽപര്യമുണ്ടെങ്കിൽ മറ്റുള്ളവരോട് പറഞ്ഞിട്ട് എഴുന്നേൽക്കുന്ന രീതി ശീലിക്കുക.

7. ഓർക്കുക, ഭക്ഷണസമയം ഹൃദ്യവും ആസ്വാദ്യകരവുമാക്കാൻ കുടുംബത്തിലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.

Latest News