രാവിലെ എഴുന്നേറ്റാലുടൻ നല്ല പഞ്ചസാര ഇട്ട ചായ. ഉച്ചയ്ക്ക് ഊണിനുശേഷം പതിവ് തെറ്റിക്കാതെ മധുരം. വൈകുന്നേരം ചായയ്ക്കും പഞ്ചസാരയുടെ അതിപ്രസരം; ഒപ്പം മധുരപലഹാരങ്ങളും. രാത്രി ഊണിനുശേഷം വീണ്ടും മധുരം. ഈ ഒരു പതിവ് നിങ്ങൾക്കുണ്ടോ? മനുഷ്യരിൽ സാധാരണയായി കണ്ടുവരുന്ന ഇത്തരത്തിലുള്ള മധുരപ്രേമം അവരെ അപകടത്തിൽ കൊണ്ടെത്തിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മധുരസ്നേഹികളെ കൊണ്ടെത്തിക്കുന്ന ഏഴ് അപകടങ്ങൾ ഇതാ.
എത്ര മധുരം കഴിക്കണം?
ഒരാൾക്ക് കഴിക്കാവുന്ന മധുരത്തിന് ഒരു കണക്കുണ്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കണക്കുകൾപ്രകാരം, സ്ത്രീകളും പുരുഷന്മാരും പ്രതിദിനം യഥാക്രമം ആറു ടീസ്പൂൺ (25 ഗ്രാം) അല്ലെങ്കിൽ ഒൻപതു ടീസ്പൂൺ (38 ഗ്രാം) പഞ്ചസാര മാത്രമേ കഴിക്കാൻപാടുള്ളു. ഇത് ഒരു ദിവസം കഴിക്കുന്ന ചായയുടെയും മറ്റ് മധുരപലഹാരങ്ങളുടെയുമെല്ലാം മൊത്തത്തിലുള്ള കണക്കാണ്. കാരണം നമ്മുടെ ശരീരത്തിന് അതിജീവിക്കാൻ ഗ്ലൂക്കോസ് അത്യാവശ്യമാണ്. ഇത് ശരീത്തിൽ ഇല്ലാത്തപക്ഷം നിരവധി ബുദ്ധിമുട്ടുകൾ വന്നേക്കാം. കൂടാതെ, ശരീരത്തിന് യഥാക്രമം കാർബോഹൈഡ്രേറ്റും ആവശ്യമാണ്. മാത്രമല്ല, പഴങ്ങൾ, പച്ചക്കറികൾ, പാൽ എന്നിവ കഴിക്കുന്നതിലൂടെയും ശരീരത്തിന് പഞ്ചസാര ലഭ്യമാണ്.
പഞ്ചസാര അധികം കഴിക്കുന്നത് തീരെ ഒഴിവാക്കാൻ പറ്റുന്നില്ല എന്നാണോ ചിന്തിക്കുന്നത്. എന്നാൽ, നമ്മളെ ഒരു ഹൃദ്രോഗി മുതൽ വിഷാദരോഗി വരെ ആക്കാൻ അമിതമായ മധുരത്തിനു സാധിക്കും. അമിതമായി മധുരം കഴിക്കുന്നവരെ കാത്തിരിക്കുന്ന അപകടകരമായ ഏഴ് രോഗങ്ങൾ താഴെപ്പറയുന്നവയാണ്.
ഹൃദ്രോഗം
2021 ലെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മരണങ്ങളുടെ കണക്കുപ്രകാരം, മരണത്തിന്റെ പ്രധാന കാരണം ഹൃദ്രോഗം ആയിരുന്നു. അമിതമായി മധുരം കഴിക്കുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രമേഹം
അധികമായ പഞ്ചസാര ഉപയോഗം ടൈപ്പ് 2 പ്രമേഹസാധ്യത വർധിപ്പിക്കുന്നു എന്നാണ് പഠനം പറയുന്നത്. കൂടാതെ, പ്രതിദിനം പഞ്ചസാര ഉപയോഗിക്കുമ്പോൾ കലോറി വർധനവും ഉണ്ടാകും.
കാൻസർ
ചിലതരം കാൻസറുകൾ അമിതമായ പഞ്ചസാര ഉപയോഗം മൂലം ഉണ്ടാകുന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ശരീരഭാരം കൂടുക, വീക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അമിതമായ പഞ്ചസാര ഉപയോഗം കാൻസർ സാധ്യത ഉയർത്തുന്നു.
ചർമ്മം
പഞ്ചസാരയിലെ ഉയർന്ന കൊഴുപ്പ് ചർമ്മത്തിന് ഏറെ പ്രശ്നമാകുന്നു. അമിതമായ പഞ്ചസാര ഉപയോഗം ചർമ്മത്തെ ബാധിക്കുന്നു. മുഖക്കുരു പോലുള്ള ചർമ്മപ്രശ്നത്തിലേക്ക് ഇത് എത്തിക്കുന്നു.
സന്ധിവാതം
പഞ്ചസാരയുടെ അളവ് കൂടുന്നത് യൂറിക് ആസിഡ് ഉൽപാദനത്തിന്റെ സാധ്യത കൂട്ടുന്നു.
ഊർജനിലകൾ
മധുരപലഹാരങ്ങളുടെ അമിത ഉപയോഗം നമ്മുടെ ഊർജം നഷ്ടപ്പെടുത്തും. ക്ഷീണം, കോപം, വിഷാദം, ശ്രദ്ധക്കുറവ് എന്നിവയുൾപ്പെടെയുള്ള മാനസികാവസ്ഥകളിലേക്ക് അവ അതിവേഗം നമ്മെ എത്തിക്കും. അമിതമായി പഞ്ചസാര കഴിക്കുന്നവർക്ക്, അത് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽതന്നെ ക്ഷീണവും ശ്രദ്ധക്കുറവും അനുഭവപ്പെടുന്നു.
വിഷാദം
വിഷാദരോഗത്തിലേക്ക് ഒരാളെ അതിവേഗം എത്തിക്കാൻ പഞ്ചസാരയുടെ അമിതമായ ഉപയോഗത്തിനു സാധിക്കും. അറുപതിനായിരത്തിലധികം സ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയിരിക്കുന്നത്.