മലപ്പുറത്ത് പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണകാരണം ഷിഗല്ലയെന്ന സംശയത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയാണ് ഏഴുവയസുകാരന്‍ കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ മരിച്ചത്. വയറിളക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അവിടെ നടത്തിയ പ്രാഥമിക പരിശോധനയില്‍ ആണ് ഷിഗല്ലെയെന്ന് സംശയം പ്രകടിപ്പിച്ചത്. കൂടുതല്‍ വിശദമായ പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ ഷിഗല്ല സ്ഥിരീകരിക്കാന്‍ കഴിയൂ.
ജില്ലയില്‍ ഷിഗല്ല മരണം സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക. അറിയിച്ചു. ഐസ്, ഐസ്‌ക്രീം, സിപ്പ് – അപ്പ് മുതലായവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തുന്നതിനാവശ്യമായ പരിശോധനകള്‍ നടത്തുന്നതിനായും നിയമലംഘനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കിയതായി ഡി.എം.ഒ പറഞ്ഞു. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം
പുത്തനത്താണിയില്‍ ഷിഗല്ല മരണം സംശയിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
ലക്ഷണങ്ങള്‍
ഒരാഴ്ചയോളം സമയമെടുത്താണ് അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നത്. അതിനാല്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടണം. വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുക. പൂര്‍ണ്ണമായും വേവിച്ച ഭക്ഷണം കഴിക്കുക. കുടിവെള്ള സ്രോതസ്സുകള്‍ സമയാസമയങ്ങളില്‍ ക്ലോറിനേറ്റ് ചെയ്യുക. ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുകയും, പഴകിയ ആഹാരം കഴിക്കാതിരിക്കുകയും ചെയ്യുക. ആഹാരസാധനങ്ങളില്‍ ഈച്ച പോലുള്ള പ്രാണികളുടെ സമ്പര്‍ക്കം ഒഴിവാക്കുക. കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ കഴിക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകുക. ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്കം ഉണ്ടായാല്‍ ഉടന്‍തന്നെ ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം മുതലായവ കുടിക്കുക. വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക. രോഗത്തിന് കൃത്യമായ ചികിത്സ തേടുക.