കടുത്ത റഷ്യൻ ആക്രമണങ്ങളിൽ ഉക്രൈനിലെ നാൽപതു ശതമാനം ഊർജ്ജോത്പാദക കേന്ദ്രങ്ങളും തകരാറിലായെന്നും, അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വർദ്ധിച്ച ശൈത്യകാലത്തെ നേരിടുവാൻ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ. ഏതാണ്ട് എഴുപതു ലക്ഷത്തോളം കുട്ടികളാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്.
അറുപത്തിയഞ്ച് ലക്ഷത്തോളം ആളുകൾ വളരെ ബുദ്ധിമുട്ടേറിയ സ്ഥിതിയിലാണ് ജീവിക്കുന്നതെന്നും ഇവരിൽ പന്ത്രണ്ടു ലക്ഷത്തോളം കുട്ടികളാണെന്നും യൂണിസെഫ് അധ്യക്ഷ അറിയിച്ചു. കടുത്ത ശൈത്യത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഉക്രൈനിൽ വൈദ്യുതിയുൾപ്പെടെയുള്ള സൗകര്യങ്ങൾ മിക്കയിടങ്ങളിലും തുടർച്ചയായി ലഭിക്കുന്നില്ല. മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന കാലാവസ്ഥയിൽ കുട്ടികളാണ് ഊർജ്ജത്തിന്റെ അഭാവം മൂലം ഏറെ കഷ്ടപ്പെടുന്നത്.
രാജ്യത്ത് നിരവധി സ്‌കൂളുകൾ തകർക്കപ്പെട്ടതിനാൽ വിദ്യാഭ്യാസരംഗത്തും കുട്ടികൾ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതുപോലെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികൾ ശാരീരികമായി മാത്രമല്ല, മാനസികമായുള്ള ആരോഗ്യപ്രശ്‌നങ്ങൾ കൂടിയാണ് നേരിടേണ്ടിവരുന്നത്.
യൂണിസെഫ് തങ്ങളുടെ വിവിധ ടീമുകളുടെ സഹായത്തോടെ രാജ്യത്ത് ഏതാണ്ട് അൻപതുലക്ഷത്തോളം കുട്ടികൾക്കും സ്ത്രീകൾക്കും പ്രാഥമികാരോഗ്യരംഗത്ത് സഹായം നൽകി വരികയാണെന്ന് യൂണിസെഫ് അധ്യക്ഷ അറിയിച്ചു. വിദ്യാഭ്യാസരംഗമുൾപ്പെടെയുള്ള വിവിധ രംഗങ്ങളിൽ നൽകിവരുന്ന സഹായത്തിന് പുറമെയാണിത്.