മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടു ഒരു മാസം ആവുകയാണ്. ഇനിയും പൂർണ്ണമായും സംഘർഷങ്ങൾ അവസാനിച്ചിട്ടില്ലെങ്കിലും ഈ സംഘർഷങ്ങളുടെ നേർക്കാഴ്ചകളും ഭീകരതയും പങ്കുവയ്ക്കുകയാണ് ഇവിടുത്തെ ആശുപത്രികൾ. മണിപ്പൂരിലെ ആശുപത്രികളിൽ ഇനിയും തിരിച്ചറിയപ്പെടുകയോ ഏറ്റെടുക്കപ്പെടുകയോ ചെയ്യാത്ത നാൽപ്പതിലധികം മൃതദേഹങ്ങളാണ് ഉള്ളത്. സംഘർഷ ബാധിത പ്രദേശങ്ങൾ കടന്ന് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയാൻ ഒരു കുടുംബങ്ങളും തയാറാവാത്തതും ഇതിന് മുതിരുന്നവരെ ആദിവാസി വിഭാഗങ്ങൾ തടയുന്നതുമാണ് മൃതദേഹങ്ങൾ ഉപേക്ഷപ്പെട്ട നിലയിൽ എത്തുവാൻ കാരണമായി മാറുന്നത്.
19 മൃതദേഹങ്ങൾ ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മോർച്ചറിയിലും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മോർച്ചറിയിലും അനാഥമായി ഉണ്ടെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. ചുരാചന്ദ്പൂരിലെ ജില്ലാ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന 24 മൃതദേഹങ്ങളും ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല. ഇതുപോലെ നിരവധി ആശുപത്രികൾക്കും പങ്കുവയ്ക്കുവാനുണ്ട് അനാഥമായ മൃതദേഹങ്ങളുടെ കണക്കുകൾ.
പ്രിയപ്പെട്ടവർ മരിച്ചുവെന്നറിഞ്ഞിട്ടും അത് സ്ഥിരീകരിക്കാനോ മൃതദേഹങ്ങൾ തിരിച്ചറിയാനോ സാധിക്കാതെ പോകുന്ന നിസ്സഹായാവസ്ഥയിലാണ് ജനങ്ങൾ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. പ്രിയപ്പെട്ടവർ മരിച്ചതറിഞ്ഞിട്ടും അത് സ്ഥിരീകരിക്കുവാൻ ഭയം മൂലം എത്താതിരിക്കുകയാണ് പലരും. ഇവിടെ സാധാരണക്കാരുടെ ഭയം തീവ്രവാദികൾ മുതലെടുക്കുന്നുണ്ടെന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്.