Monday, November 25, 2024

ട്രിപ്പോളിയില്‍ ലിബിയന്‍ സായുധ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; നിരവധി പേര്‍ കൊല്ലപ്പെട്ടു

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി നഗരത്തിലെ എമര്‍ജന്‍സി സര്‍വീസ് വക്താവ് അറിയിച്ചു. നയതന്ത്ര ഓഫീസുകള്‍ക്കൊപ്പം നിരവധി സര്‍ക്കാര്‍, അന്തര്‍ദേശീയ ഏജന്‍സികളുടെ കേന്ദ്രമായ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റില്‍ നടന്ന വെടിവയ്പ്പ് ഐന്‍സര, അസ്ബാ പ്രദേശങ്ങളിലേക്കും വ്യാപിച്ചു.

പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലിന്റെ സുരക്ഷാ സേനയുടെയും റാഡയുടെയും യൂണിറ്റുകള്‍ക്കിടയില്‍ ഐന്‍സര മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ട്രിപ്പോളിയിലെ ശക്തി കേന്ദ്രങ്ങളിലൊന്നായ റാഡയില്‍ നിന്നുള്ള പോരാളികള്‍ വെള്ളിയാഴ്ച രാവിലെ മിക്ക സെന്‍ട്രല്‍ പ്രദേശങ്ങളിലും ദൃശ്യമായിരുന്നു.

സംഘര്‍ഷത്തില്‍ 13 പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ട്രിപ്പോളി ആംബുലന്‍സ് ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് വക്താവ് ഒസാമ അലി പറഞ്ഞു. മരിച്ചവരില്‍ മൂന്ന് പേര്‍ സാധാരണക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

ലിബിയയിലെ ഒരു ദശാബ്ദത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം നിലവില്‍ വന്ന സമാധാനാന്തരീക്ഷത്തിന് ഭീഷണിയുയര്‍ത്തുന്ന ഏറ്റവും പുതിയ സംഭവമാണിത്. രാഷ്ട്രീയ സ്തംഭനത്തെത്തുടര്‍ന്ന് ട്രിപ്പോളിയില്‍ സമീപ മാസങ്ങളില്‍ നിരവധി അക്രമ സംഭവങ്ങള്‍ ഉണ്ടായി.

സംഭവത്തെതുടര്‍ന്ന് നിലവിലെ ആഭ്യന്തര മന്ത്രിയെ മാറ്റി ട്രിപ്പോളി ആസ്ഥാനമായുള്ള ഗവണ്‍മെന്റ് ഓഫ് നാഷണല്‍ യൂണിറ്റി തലവനായ പ്രധാനമന്ത്രി അബ്ദുള്‍ ഹമീദ് ദ്ബീബയെ ആഭ്യന്തരമന്ത്രിയായി നിയോഗിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ ഇരുപക്ഷവും ശത്രുത അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്റ്, മിലിട്ടറി പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

ട്രിപ്പോളിയിലെ പ്രധാന മിറ്റിഗ വിമാനത്താവളത്തിലെ വിമാനങ്ങള്‍ മണിക്കൂറുകളോളം നിര്‍ത്തിവച്ചെങ്കിലും പിന്നീട് അവ പുനരാരംഭിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലിന്റെ കാരണം വ്യക്തമല്ല. എന്നിരുന്നാലും, ഭരണകൂടങ്ങളെ പിന്തുണയ്ക്കുന്ന മിലിഷ്യകള്‍ തമ്മിലുള്ള അധികാര പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് വിലയിരുത്തുന്നു.

Latest News