ഡാനിയേൽ ചുഴലിക്കാറ്റിനെ തുടർന്ന് ലിബിയൻ നഗരങ്ങളിൽ കനത്ത ദുരിതമെന്ന് റിപ്പോർട്ട്. കുട്ടികൾക്കായുള്ള അന്താരാഷ്ട്ര സംഘടനയായ യൂണിസെഫാണ് ഇക്കാര്യം അറിയിച്ചത്. പകർച്ചവ്യാധികൾ, ശുദ്ധജലത്തിന്റെ അഭാവം, പോഷകാഹാരക്കുറവ്, പഠനത്തിന് തടസ്സം, അക്രമം തുടങ്ങി കനത്ത ദുരിതങ്ങളാണ് കുട്ടികൾ ഉൾപ്പടെയുള്ളവർ നേരിടുന്നതെന്നും യൂണിസഫ് അറിയിച്ചു.
“കണക്കുകൾപ്രകാരം, 5300 -ലധികം ആളുകൾക്കാണ് കൊടുങ്കാറ്റിലും അതെ തുടർന്നുണ്ടായ പ്രളയത്തിലും ജീവൻ നഷ്ടപ്പെട്ടത്. നൂറുകണക്കിന് ആളുകളെ കാണാതായി. കുറഞ്ഞത് 30,000 പേരെങ്കിലും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. ഏകദേശംമൂന്നുലക്ഷം കുട്ടികളെ ദുരന്തം ബാധിച്ചിട്ടുമുണ്ട്” – യൂണിസെഫ് പ്രതിനിധി മിഷേൽ സെർവാദേയ് പറഞ്ഞു. മരണത്തിനും പരിക്കിനുമുള്ള ഉടനടിയുള്ള അപകടസാധ്യതകൾക്ക് പുറമേ, ലിബിയയിലെ വെള്ളപ്പൊക്കവും കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ അപകടമുണ്ടാക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. വെള്ളം, ശുചിത്വം, മാനസിക-സാമൂഹികപിന്തുണ, കുടുംബങ്ങളെ കണ്ടെത്തൽ, ജലജന്യരോഗങ്ങൾ തടയൽ എന്നിവയിലൂടെ ജീവ൯രക്ഷാസഹായം വർധിപ്പിക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് യൂണിസെഫ് പ്രധിനിധി കൂട്ടിച്ചേർത്തു.
അതേസമയം, കൊടുംങ്കാറ്റും പ്രളയവും ഏറ്റവുംകൂടുതൽ ആഘാതം സൃഷ്‌ടിച്ച ഡെർണയിൽ കുറഞ്ഞത് മൂന്ന് ആശുപത്രികളെങ്കിലും നിലവിൽ പ്രവർത്തനരഹിതമാണ്. കൂടാതെ, പത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വെള്ളത്തിലുമാണ്. ഇത് നഗരവാസികൾക്ക് ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുന്നതായും യൂണിസഫ് ആശങ്കപ്പെടുന്നു.