അറ്റ്ലാന്‍റിക് സമുദ്രത്തില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുന്ന പനാമ കനാലില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തെ തുടര്‍ന്ന് കനാലില്‍ വെള്ളം കുറവായതിനെ തുടര്‍ന്നാണ് കപ്പല്‍ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഒരു വര്‍ഷത്തേക്ക് കപ്പല്‍ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിലവിലെ നീക്കം.
മഴവെള്ളത്തെ ആശ്രയിച്ചാണ് 82 കിലോമീറ്റര്‍ നീളമുള്ള പനാമ കനാലിലൂടെയുള്ള ചരക്കുഗതാഗതം നടക്കുന്നത്. എന്നാല്‍, എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മേഖലയില്‍ കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. കനാലില്‍ വെള്ളം കുറവായതിനാല്‍ നിലവില്‍ ഒരു ദിവസം 32 കപ്പലുകള്‍ക്കേ കടന്നുപോകാന്‍ കഴിയുന്നുള്ളൂ. ഈ സാഹചര്യത്തില്‍ കപ്പലുകള്‍ കനാല്‍ കടക്കാന്‍ 19 ദിവസം കാത്തിരിക്കേണ്ടിവരുമെന്നാണ് കനാലിന്റെ ചുമതലയുള്ള അധികൃതര്‍ വിശദമാക്കുന്നത്. ഇതേ തുടര്‍ന്നാണ് ഗതാഗതനിയന്ത്രണത്തിലേക്ക് കടക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
2022-ല്‍ ദിവസവും 40 കപ്പലുകളാണ് ഇതുവഴി കടന്നുപോയിരുന്നത്. കനാലിലൂടെ കടന്നുപോകാന്‍ ഓരോ വെസലിനും 200 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് പനാമ കനാലില്‍ വേണ്ടിവരുന്നത്. ഗതാഗത തടസ്സം വരുന്നതോടെ കപ്പല്‍ കമ്പനികള്‍ മറ്റുപാതകള്‍ തേടുമോയെന്ന ആശങ്കയിലാണ് നിലവിൽ പനാമ കനാലിന്റെ നടത്തിപ്പുകാര്‍.