Tuesday, November 26, 2024

സിവിയറോഡൊണെറ്റ്സ്‌ക് നഗരം വളഞ്ഞ് റഷ്യന്‍ സൈന്യം; യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കൂട്ടക്കുരുതി

യുക്രൈന്റെ കിഴക്കന്‍മേഖലയായ ഡോണ്‍ബാസില്‍ സിവിയറോഡൊണെറ്റ്സ്‌ക് നഗരം റഷ്യന്‍ പട്ടാളം വളഞ്ഞു. ജനവാസമേഖലകളില്‍ ഉള്‍പ്പെടെ ബോംബുകള്‍ വര്‍ഷിക്കുകയാണെന്ന് ഗവര്‍ണര്‍ സെര്‍ഹി ഹായ്ദായ് പറഞ്ഞു. കിഴക്കന്‍മേഖലയില്‍ റഷ്യ കൂട്ടക്കുരുതി നടത്തുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

സിവിയറോഡൊണെറ്റ്സ്‌ക് നഗരത്തില്‍ 1500 പേര്‍ കൊല്ലപ്പെട്ടതായി മേയര്‍ ഒലക്‌സാണ്ടര്‍ സ്ട്രിയുക് പറഞ്ഞു.13000 ത്തോളം പേര്‍ നഗരത്തില്‍ അവശേഷിക്കുന്നുണ്ട്. അറുപതു ശതമാനം പാര്‍പ്പിടങ്ങളും നശിപ്പിക്കപ്പെട്ടു.

അതേസമയം, വടക്കുകിഴക്കന്‍ നഗരമായ ഖാര്‍ക്കിവില്‍ ഒമ്പതുപേരും തെക്കന്‍ നഗരമായ നിപ്രോയില്‍ 10 പേരും റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുമ്പ് റഷ്യയുടെ പക്കല്‍നിന്ന് യുക്രൈന്‍ തിരിച്ചുപിടിച്ചതാണ് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍ക്കിവ്.

റഷ്യയുടെ പ്രഥമലക്ഷ്യം കിഴക്കന്‍മേഖലയാണെന്നും മറ്റുപ്രദേശങ്ങളിലെ ആക്രമണങ്ങള്‍ യുക്രൈന്‍ പട്ടാളത്തെ വിഘടിപ്പിച്ചുനിര്‍ത്താനുമാണെന്നാണ് നിരീക്ഷണം. കരുതിയതിലും പതുക്കെയാണെങ്കിലും റഷ്യ ചെറുതല്ലാത്ത മുന്നേറ്റം ഉണ്ടാക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

 

 

Latest News