ലൈംഗീകമായി ചൂഷണം ചെയ്തു എന്ന വനിതാ ഗുസ്തിതാരങ്ങളുടെ പരാതിയില്‍ ബിജെപി എംപിയും ഗുസ്തി മേധാവിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സമന്‍സ്. ജൂലൈ 18-ന് കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെ ഡല്‍ഹി റൂസ് അവന്യൂ കോടതിയാണ് സമന്‍സ് അയച്ചത്. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
ബ്രിജ് ഭൂഷണ്‍ സിംഗ് തങ്ങളെ ലൈംഗീകമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആറ് വനിതാ ഗുസ്തിതാരങ്ങളാണ് ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെ ഗുസ്തിതാരങ്ങളുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുകയും ജൂണ്‍ 2-ന് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്ഐആറുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി റൂസ് അവന്യൂ കോടതി സമന്‍സ് അയച്ചത്.
ആറുതവണ എംപി ആയ ബ്രിജ് ഭൂഷണിനെതിരെ ജൂണ്‍ 15-ന് സിറ്റി പൊലീസ് 354, 354 എ (ലൈംഗീകപീഡനം), 354 ഡി (പിന്തുടരല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവപ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഐപിസി 354, 354 എ, 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) സെക്ഷന്‍ 109 (ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരണ, പ്രേരിപ്പിച്ച പ്രവൃത്തി അനന്തരഫലമായി ചെയ്താല്‍, ശിക്ഷയ്ക്ക് വ്യക്തമായ വ്യവസ്ഥകളൊന്നും നല്‍കിയിട്ടില്ലെങ്കില്‍) എന്നീ കുറ്റങ്ങളാണ് തോമറിനെതിരെ ചുമത്തിയിരിക്കുന്നത്.