ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി എസ്എഫ്‌ഐ. വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കകള്‍ ഉണ്ട്. വിഷയത്തിലെ ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു.
സ്വകാര്യ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരുവിധ വിവേചനങ്ങളുമുണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങളും സര്‍ക്കാരുമായി ചര്‍ച്ചചെയ്യുമെന്നും അനുശ്രീ പറഞ്ഞു. കോഴിക്കോട് എന്‍ഐടിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനുശ്രീ.
അതേസമയം കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാംപസുകള്‍ സ്ഥാപിക്കുന്ന കാര്യം യു ജി സി മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പരിശോധിക്കുമെന്നും അതിനുശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബജറ്റില്‍ അല്ല ആദ്യമായി അവതരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.