Friday, April 18, 2025

ഷെയ്ന്‍ വോണ്‍: ക്രിക്കറ്റിലെ മറഡോണ, ബൗളിംഗിലെ ബ്രാഡ്മാന്‍, ആത്യന്തിക മാന്ത്രികന്‍

വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് ഏകദേശം 7.30 ന്, ക്രിക്കറ്റ് ലോകത്തിന് അതിന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളെ മാത്രമല്ല, അതിലെ ഏറ്റവും മികച്ച ഒരു കഥാപാത്രത്തേയും നഷ്ടമായി. വളരെക്കാലമായി വിരമിച്ചെങ്കിലും ഒരു കമന്റേറ്ററായി സജീവമായിരുന്നു ഷെയ്ന്‍ വോണ്‍. കാരണം കളിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ കളി മികവു പോലെ തന്നെ അപൂര്‍വവും വിലപ്പെട്ടതുമായിരുന്നു.

വിടവാങ്ങല്‍ പ്രസംഗങ്ങളിലും ചരമവാര്‍ത്തകളിലും ഔപചാരികത എന്ന നിലയില്‍ ‘ഇതുപോലെ ആരും ഉണ്ടായിരുന്നില്ല…’ എന്ന് പറയാറുണ്ട്. എന്നാല്‍ വോണിന്റെ കാര്യത്തില്‍ അത് ക്ലീഷെ ആകുമായിരുന്നില്ല. അദ്ദേഹത്തെപ്പോലെ ബൗള്‍ ചെയ്ത ലെഗ് സ്പിന്നര്‍ മറ്റാരുമില്ലായിരുന്നു. 708 ടെസ്റ്റ് വിക്കറ്റുകളും 293 ഏകദിന വിക്കറ്റുകളും അതിന് തെളിവാണ്. ഒരു കാലഘട്ടത്തിലും ഒരു ബൗളറും അദ്ദേഹത്തെപ്പോലെ പന്തെറിഞ്ഞിട്ടില്ലെന്ന് പറയുന്നതാണ് ശരി. ബൗളിംഗിലെ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ ആയിരുന്നു അദ്ദേഹം. ഒരുപക്ഷേ, ഡീഗോ മറഡോണയുടെ ക്രിക്കറ്റിലെ പതിപ്പ്.

ജീവിതത്തിലെ ആനന്ദങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ അന്വേഷണം പക്ഷേ തൃപ്തികരമായിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ ജീവിതത്തിലും കളിയിലും അദ്ദേഹം തെറ്റുകള്‍ വരുത്തി. ലെഗ് സ്പിന്‍ മികവിന്റെ അവസാന വാക്കായിരുന്നു ഷെയ്ന്‍ വോണ്‍. വോണിന്റെ കൈവിരലുകള്‍ക്കുള്ളില്‍ നിന്ന് പുറപ്പെടുന്ന പന്തുകള്‍ പ്രവചിക്കുക അസാധ്യമായിരുന്നു. ഇതുപോലെ തന്നെ അപ്രവചനീയമായിരുന്നു കളിക്കളത്തിന് പുറത്തെ ഷെയ്ന്‍ വോണും.

പാപ്പരാസികളുടെ ഇഷ്ടതാരമായ വോണ്‍ വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു. 2003ല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് നേരിട്ടത് ഒരുവര്‍ഷത്തെ വിലക്ക്, രണ്ടുവര്‍ഷംകൂടി കഴിഞ്ഞപ്പോള്‍ ഭാര്യ സിമോണുമായുള്ള വിവാഹമോചനം. ആഷസ് പരമ്പരയ്ക്ക്് തൊട്ടുമുമ്പുള്ള വിവാഹ മോചനം ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. വാതുവയ്പുകാരുമായി ബന്ധപ്പെട്ടതിനും നടപടി നേരിട്ടു.

വിവാഹ മോചനം തന്റെ തെറ്റായിരുന്നുവെന്നും, ജീവിതകാലം മുഴുവന്‍ ആ വേദന തന്റെ കൂടെയുണ്ടാകുമെന്നും പറഞ്ഞ വോണ്‍ ബ്രിട്ടീഷ് നടിയും മോഡലുമായി എലിസബത്ത് ഹേര്‍ളിയുമായി പ്രണയത്തിലായി. മൂന്നുവര്‍ഷമേ ഈ ബന്ധം നീണ്ടുനിന്നുളളൂ. ഇതിനിടെ വോണ്‍ നിരവധി ലൈംഗിക വിവാദങ്ങളില്‍ അകപ്പെട്ടു.

ഓസ്ട്രേലിയന്‍ ടീമിന്റെ വൈസ്‌ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതും ഇത്തരമൊരുവിവാദത്തിന് പിന്നാലെയായിരുന്നു. വോണിന്റെ പുകവലിയും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. വിരമിച്ച ശേഷവും വിവാദങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. ലണ്ടനില്‍ വോണിന്റെ വീട്ടിലെ നൈറ്റ് പാര്‍ട്ടികള്‍ക്കെതിരെ അയല്‍വാസികള്‍ പരാതിയുമായി രംഗത്തെത്തി.

ജീവിതത്തില്‍ നിയന്ത്രണങ്ങള്‍ കുറവായിരുന്നെങ്കിലും നിയന്ത്രണമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ബൗളിംഗ്. അത് മാന്ത്രികമായിരുന്നു. ഓരോ ചുവടിലും ഒരു സര്‍ജന്റെ ശാന്തമായ ലക്ഷ്യവും കൃത്യതയും ഉണ്ടായിരുന്നു ഷെയന്‍ വോണിന്. ആ മൂന്ന് സ്ട്രൈഡ് റണ്‍-അപ്പിനുള്ളില്‍, ഒരു സൈക്കോ അനലിസ്റ്റിനെപ്പോലെ തിളങ്ങുന്ന നീല കണ്ണുകള്‍ ഉപയോഗിച്ച് അയാള്‍ ബാറ്റ്സ്മാനെ വായിക്കും.

വോണിനെ ലോകത്തിന്റെ സ്പിന്നറായി ഏവരും വാഴ്ത്തിയ വര്‍ഷമായിരുന്നു 1993. അന്നാണ് വോണ്‍ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായി അവതരിച്ചത്. 1993 ജൂണ്‍ നാല്, ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് ആഷസ് പരമ്പര. ഷെയ്ന്‍ വോണ്‍ അന്നുവരെ ക്രിക്കറ്റ് ലോകത്തിന് വെറുമൊരു ലെഗ് സ്പിന്നര്‍ മാത്രമായിരുന്നു. എന്നാല്‍ 1993-ലെ ആഷസ് പരമ്പരയിലെ മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിനമായ ജൂണ്‍ നാലിന് ക്രിക്കറ്റ്പ്രേമികള്‍ സാക്ഷാല്‍ ഷെയ്ന്‍ വോണെന്ന മാന്ത്രികന്റെ വിരലുകളില്‍ വിരിഞ്ഞ വിസ്മയത്തിന് സാക്ഷിയായി. ഒരു സാധാരണ ലെഗ് സ്പിന്നറായി ഒതുങ്ങിപ്പോകേണ്ട വോണിന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞത് ആ പന്തിലായിരുന്നു.

ലെഗ് സ്റ്റമ്പിന് പുറത്തു കുത്തിയ ഒട്ടും അപകടകരമല്ലാതിരുന്ന ആ പന്ത് തന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയത് കണ്ട് സാക്ഷാല്‍ മൈക്ക് ഗാറ്റിങ് പോലും ഒരു നിമിഷം അമ്പരന്നു. വിക്കറ്റ് നഷ്ടപ്പെട്ടത് വിശ്വസിക്കാനാകാതെ ഗാറ്റിങ് തിരിഞ്ഞ് നടക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ആ പന്തിനെ നൂറ്റാണ്ടിന്റെ പന്തെന്ന് വിളിച്ചു. അന്ന് ഗാറ്റിങ്ങിനെതിരേ പന്തെറിയാനെത്തുമ്പോള്‍ അതുവരെ 11 ടെസ്റ്റുകളില്‍ നിന്നായി 31 വിക്കറ്റുകള്‍ മാത്രമായിരുന്നു വോണിന്റെ സമ്പാദ്യം. എന്നാല്‍ ആ ടെസ്റ്റില്‍ ആകെ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ വോണ്‍ 1993 ആഷസ് പരമ്പരയിലെ 5 ടെസ്റ്റുകളില്‍ നിന്നായി വീഴ്ത്തിയത് 35 വിക്കറ്റുകളായിരുന്നു.

ക്രിക്കറ്റിലെ ആത്യന്തിക മാന്ത്രികനായിരുന്നു വോണ്‍. ഓസ്ട്രേലിയ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും മികച്ച ക്യാപ്റ്റന്‍. ഐപിഎല്‍-1 ലെ വിജയത്തിന് കാരണക്കാരനായതിനാല്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി മാറി. മരിക്കുമ്പോള്‍ വോണിന് 52 വയസ്സായിരുന്നു, എന്നാല്‍ ക്രിക്കറ്റ് ലോകത്തിന്റെ ദൃഷ്ടിയില്‍ അദ്ദേഹം എന്നും യുവത്വത്തോടെ തുടരും.

Latest News