ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമര്‍കന്ദില്‍ നടക്കും. എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉസ്ബകിസ്താന്‍ പ്രസിഡന്റ് ശൗകത് മിര്‍സ്വോയവ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, കസാഖ്‌സ്താന്‍ പ്രസിഡന്റ് കാസിം ടൊകായേവ്, കിര്‍ഗിസ്താന്‍ പ്രസിഡന്റ് സാദിര്‍ ജപാറോവ്, തജികിസ്താന്‍ പ്രസിഡന്റ് ഇമാമലി റഹ്മാന്‍ എന്നിവര്‍ സംബന്ധിക്കും.
പുറമെ പ്രത്യേക ക്ഷണിതാക്കളായി തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്, അര്‍മീനിയ പ്രധാനമന്ത്രി നികോല്‍ പഷിന്‍യാന്‍, തുര്‍ക്‌മെനിസ്താന്‍ പ്രസിഡന്റ് സെര്‍ദര്‍ ബെര്‍ദി മുഹമ്മദോവ് എന്നിവരും നിരീക്ഷകരായി ബലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകഷങ്കോ, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി, മംഗോളിയന്‍ പ്രസിഡന്റ് ഉക്‌നാഗിന്‍ ഖുറെല്‍സുഖ് എന്നിവരും സംബന്ധിക്കും.
ലോകത്തിലെ 40 ശതമാനം ജനസംഖ്യയും 30 ശതമാനത്തിലേറെ ജി.ഡി.പിയും ഉള്‍ക്കൊള്ളുന്ന എട്ട് രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. സാമ്പത്തിക, സുരക്ഷ, പാരിസ്ഥിതിക മേഖലയിലെ സഹകരണം ലക്ഷ്യമാക്കി ചൈന, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, തജികിസ്താന്‍, ഉസ്ബകിസ്താന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ 2001 ജൂണ്‍ 15ന് ചൈനയിലെ ഷാങ്ഹായിയില്‍ യോഗം ചേര്‍ന്ന് പുതിയ കൂട്ടായ്മ രൂപവത്കരിക്കുകയും 2017 ജൂണില്‍ ഇന്ത്യയെയും പാകിസ്താനെയും കൂടി ഉള്‍പ്പെടുത്തുകയുമായിരുന്നു.