ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സ്വപ്നം കാണുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതി. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖത്ത് ഉടന്‍ തയ്യാറാവും.
ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലാണ് ഇത് ഒരുങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി ഇവിടുത്തെ ആദ്യ വിവാഹം ഈ മാസം 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ഉദ്ഘാടനം ചെയ്യും.
വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കായി താമസസൗകര്യവും കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തിയുള്ള ഭക്ഷണവിഭവങ്ങളും ഉണ്ടാകും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. ശംഖുമുഖം ബീച്ചും പരിസരവും മനോഹരമാക്കാനും പദ്ധതിയുണ്ട്. ബീച്ച് കേന്ദ്രീകരിച്ച് നൈറ്റ്ലൈഫ് കേന്ദ്രവും ഒരുക്കുന്നുണ്ട്.
ടൂറിസം വകുപ്പ് രണ്ട് കോടി രൂപയാണ് ‘വെഡ്ഡിംഗ് ടൂറിസം’ പ്രചരിപ്പിക്കാനായി ചെലവഴിക്കുന്നത്. വിവാഹങ്ങള്‍ക്കായി കേരളം തേടി കൂടുതല്‍ പേര്‍ എത്തുന്നതോടെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍നിന്നുള്ള വരുമാനവും ഉയരുമെന്നാണ് കണക്കുകൂട്ടല്‍.
കല്യാണ ചടങ്ങുകള്‍ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം ഉള്‍പ്പെടുത്തി ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിലോ അത്തരം റിസോര്‍ട്ടിലോ നടത്തുന്നതാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്. രണ്ടുമുതല്‍ നാലുദിവസം വരെ ചെലവഴിച്ച് ഇത്തരം കല്യാണങ്ങള്‍ നടത്തുന്നവരുണ്ട്. സ്ഥല സൗകര്യം, യാത്രാ സൗകര്യം, താമസ സൗകര്യം എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരം കല്യാണങ്ങള്‍ക്ക് വേദി തിരഞ്ഞെടുക്കുക.