ചൈനയിലെ ലോക്ക്ഡൗണുകള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയില്‍ യുഎസിലെയും ഏഷ്യയിലെയും ഓഹരികള്‍ ഇടിഞ്ഞു. ചൊവ്വാഴ്ച, ടെക്‌നോളജി-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ് സൂചിക 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
കോടീശ്വരനായ എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ടെസ്ലയുടെ വിപണി മൂല്യവും ഇല്ലാതായി. ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ആശങ്കകളും വിപണികളെ ബാധിച്ചു.
റഷ്യ പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള ഗ്യാസ് വിതരണം വെട്ടിക്കുറയ്ക്കുമെന്ന വാര്‍ത്തയും നിഷേധാത്മക വികാരം വര്‍ധിപ്പിച്ചു. വര്‍ദ്ധിച്ചുവരുന്ന ആഗോള പണപ്പെരുപ്പത്തെയും യുക്രെയ്നിലെ യുദ്ധത്തെയും ചെറുക്കുന്നതിന് യുഎസിലും ലോകമെമ്പാടുമുള്ള പലിശ നിരക്ക് വര്‍ദ്ധനയുടെ സാധ്യതകളെക്കുറിച്ച് നിക്ഷേപകര്‍ ഇതിനകം തന്നെ ആശങ്കാകുലരായിരുന്നു.
ബീജിംഗിലെ അധികാരികള്‍ കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് തടയാനും നഗര വ്യാപകമായ നിയന്ത്രണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ചയുടെ സാധ്യതകളെക്കുറിച്ചും ആഗോളതലത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ചൈനയിലെ അവസ്ഥ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ജപ്പാന്റെയും ദക്ഷിണ കൊറിയയുടേയും സൂചികകള്‍ ഇടിഞ്ഞു. ന്യൂയോര്‍ക്കിലെ അവസ്ഥയും മോശമാണ്. ബീജിംഗിന്റെ ലോക്ക്ഡൗണിനെക്കുറിച്ച് ആശങ്കകളുണ്ടെന്ന് ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സിലെ ഏഷ്യ എഫ്എക്‌സ് സ്ട്രാറ്റജി മേധാവി ആല്‍വിന്‍ ടാന്‍ പറഞ്ഞു. ”ഷാങ്ഹായിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയും ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനത്തെയും ഉപഭോക്തൃ വികാരത്തെയും സാരമായി ബാധിച്ചു,” മിസ്റ്റര്‍ ടാന്‍ പറഞ്ഞു.
‘ചൈനയുടെ ജിഡിപിയുടെ 3.5% ബെയ്ജിംഗ് മാത്രമാണ് സംഭാവന ചെയ്യുന്നത്. അതേസമയം ഷാങ്ഹായ് ഏകദേശം 4% സംഭാവന ചെയ്യുന്നു. അതിനാല്‍ ഈ രണ്ട് നഗരങ്ങളും ഒരേ സമയം പൂട്ടിയാല്‍ അത് മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.