കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹിനെ വീണ്ടും തിരഞ്ഞെടുത്തു. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഷെയ്ഖ് അഹ്മദിനെ കുവൈത്ത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നത്.
2022 ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ ഷെയ്ഖ് അഹ്മദ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു എങ്കിലും വിവിധ കാരണങ്ങളെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ 2022 ഒക്ടോബർ 17 നാണ് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നിലവിലുള്ള മന്ത്രിസഭ അധികാരമേറ്റത്. മന്ത്രിസഭയിൽ 11 പുതുമുഖങ്ങളും രണ്ടു വനിതകളും, ദേശീയ അസംബ്ലിയിലേക്ക് വിജയിച്ച രണ്ടു എം.പിമാരുമാണ് മന്ത്രിസഭയിലെത്തിത്. കൂടാതെ 15 അംഗ മന്ത്രിസഭയിൽ മുൻ സർക്കാരിലെ മൂന്ന് പേരും അംഗങ്ങളായിരുന്നു.
തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുകയും സർക്കാരും എം.പിമാരും രമ്യതയിൽ മുന്നോട്ടുപോകാൻ ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്‍റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് രാജിവയ്ക്കേണ്ടതായി വരുകയായിരുന്നു. രാജി സമർപ്പിച്ചതിനാൽ പാര്‍ലമെന്റ് സമ്മേളനത്തിൽ നിന്ന് സർക്കാർ വിട്ടു നിൽക്കുകയും സഭാ നടപടികൾ തടസ്സപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഷെയ്ഖ് അഹ്മദിനെ വീണ്ടും പ്രാധാനമന്ത്രിയായി നിയമിച്ചത്. പുതിയ സർക്കാർ വന്നതോടെ രാഷ്ട്രീയ സ്ഥിരത വരുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.